ചരിത്രമെഴുതി ക്യുറസാവോ. ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോര്‍ഡ് ഇനി ഈ കരീബിയന്‍ രാജ്യത്തിന് സ്വന്തം. ഒന്നര ലക്ഷമാണ് ക്യുറസാവോയിലെ ജനസംഖ്യ.
കരീബിയന്‍ കടലില്‍ മഷിക്കുത്തുപോലുള്ളോരു രാജ്യം. ഈ കുഞ്ഞന്‍ ദ്വീപിന്റെ ആകെ വിസ്തൃതി വെറും 444 ചതുരശ്ര കിലോ മീറ്ററാണ്. ജനസംഖ്യ കൃത്യമായി പറഞ്ഞാല്‍ ഒരു ലക്ഷത്തി അന്‍പത്തിയാറായിരത്തി ഒരുനൂറ്റി പതിനഞ്ച്. കോണ്‍കകാഫ് മേഖലയില്‍ നിന്ന് ഒറ്റ മത്സരം പോലും തോല്‍ക്കാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ക്യുറസാവോ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്.
2018 റഷ്യന്‍ ലോകകപ്പില്‍ കളിച്ച ഐസ്‌ലന്‍ഡിന്റെ പേരിലായിരുന്നു ഇതുവരെ റെക്കൊര്‍ഡ്. മൂന്ന് ലക്ഷത്തി അന്‍പതിനായിരമായിരുന്നു അന്ന് ഐസ്‌ലന്‍ഡിലെ ജനസംഖ്യ. അതിന്റെ പകുതി പോലുമില്ല ക്യുറസാവോയില്‍.
2010ലാണ് ക്യുറസാവോ നെതര്‍ലന്‍ഡ്‌സില്‍ നിന്ന് സ്വയംഭരണാവകാശം നേടുന്നത്. എന്നാല്‍, രാജ്യത്തിന്റെ ജനസംഖ്യയിലെ 85 ശതമാനവും നെതര്‍ലന്‍ഡ്‌സിലുള്ളവരാണ്. ഫുട്‌ബോള്‍ ടീമിലെ കാര്യവും ഇതുതന്നെ. പരിശീലകന്‍ ഡിക്ക് അഡ്വക്കേറ്റ് 94 ലോകകപ്പില്‍ ഡച്ചുപടക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. ലോകകപ്പിലെ ഏറ്റവും പ്രായമേറിയ പരിശീലകനെന്ന റെക്കോര്‍ഡും 78 കാരനായ ഡിക്കിനെ കാത്തിരിക്കുന്നുണ്ട്. കളിക്കാരില്‍ ഭൂരിഭാഗവും ഓറഞ്ച് ജേഴ്‌സി ഉപേക്ഷിച്ച് നീലപ്പടക്കൊപ്പം ചേര്‍ന്നവരാണ്. ക്യുറസാവോ ലോകകപ്പ് നേടുമ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ ഇന്ത്യയെ കുറിച്ചാണ്. 140 കോടി ജനങ്ങളുണ്ടായിട്ടും നമ്മളെന്ന് ലോകകപ്പിന് യോഗ്യത നേടും എന്നതില്‍.











