തേങ്ങയ്ക്ക് പിന്നാലെ കൊട്ടടയ്ക്ക വിലയിലും മുന്നേറ്റം. കവുങ്ങിൻതോപ്പുകളിലെ ഇലപ്പുള്ളി രോഗത്തിനും മഹാളിബാധയ്ക്കുമിടയിൽ വിളനഷ്ടത്തിൽ നട്ടംതിരിയുന്ന അടയ്ക്കാകർഷകർക്ക് വിലവർധന പ്രതീക്ഷയും ആശ്വാസവുമായി. ഒരുവർഷത്തെ ഇടവേളയ്ക്കിടയിൽ കൊട്ടടയ്ക്ക (മേൽത്തരം-പഴയത്) വില കിലോയ്ക്ക് 90 രൂപയാണ് കൂടിയത്. പുതിയ അടയ്ക്കയുടെ വിലയിലും ഈ മാറ്റം പ്രതിഫലിച്ചിട്ടുണ്ട്.2024 ജനുവരിയിൽ 390-410 രൂപയായിരുന്ന മേൽത്തരം പഴയ അടയ്ക്കവില. 2025 ജനുവരിയിൽ നേരിയ മാറ്റത്തോടെ 425-450 രൂപയായി ഉയർന്നിരുന്നു. ഇതാണ് 10 മാസം പിന്നിട്ടപ്പോൾ 495-520 ലേക്ക് ഉയർന്നത്. 2023 ജനുവരിയിൽനിന്ന് 2024-ലെത്തിയപ്പോൾ മേൽത്തരം അടയ്ക്കവിലയിൽ കിലോയ്ക്ക് 100 രൂപയോളം ഇടിവ് സംഭവിച്ചിരുന്നു.മറ്റിനങ്ങളുടെ (തിരിവ്) വിലയിലും വലിയതോതിലുള്ള കയറ്റിറക്കങ്ങൾ ഉണ്ടായി. ഗുണനിവാരം കുറഞ്ഞ കരിങ്കൊട്ട, ഉള്ളി, ഫൊട്ടോറ് അടക്കയിനത്തിൽ കഴിഞ്ഞവർഷം വലിയ വിലയിടിവ് പ്രകടമായിരുന്നു. 2023 വർഷത്തെ വിലയെ അപേക്ഷിച്ച് കരിങ്കൊട്ട, ഉള്ളി ഇനങ്ങളുടെ വിലയിൽ 100-ലധികം രൂപയുടെ ഇടിവാണ് സംഭവിച്ചത്. എന്നാൽ അടുത്തിടെ ഇവയുടെ വില പഴയ നിലയിലേക്കുതന്നെ ഉയർന്നത് കർഷകർക്ക് ആശ്വാസമായി.ഉപോത്പന്നമായി ഉപയോഗിക്കുന്ന ചെമന്ന അടയ്ക്കവില ഉയർന്നതാണ് കരിങ്കൊട്ട, ഉള്ളി ഇനങ്ങളുടെ വിലവർധനയ്ക്കിടയാക്കിയത്. അടുത്ത കാലം വരെ കവുങ്ങ് കർഷകരെ പ്രധാനമായും അലട്ടിയിരുന്നത് മഴക്കാലത്ത് കവുങ്ങിൻതോപ്പുകളിൽ സംഭവിച്ചിരുന്ന മഹാളിബാധയായിരുന്നു. കൃത്യമായ കീടനാശിനി പ്രയോഗത്തിലൂടെ മഹാളിയെ പ്രതിരോധിക്കാൻ കർഷകർക്കായിരുന്നു. എന്നാൽ നിലവിൽ ഇലപ്പുള്ളി രോഗമാണ് കവുങ്ങിൻ തോപ്പുകളെ നശിപ്പിക്കുന്നത്.ഉള്ളിയും ഫൊട്ടോറും കരിങ്കൊട്ടയുംവിളവെടുത്ത പഴുക്ക അടയ്ക്ക വെയിലിൽ നന്നായി ഉണക്കിയെടുത്ത് ഈർപ്പംതട്ടാതെ ഒരുവർഷത്തിലധികം സൂക്ഷിച്ചുവച്ചാണ് മേൽത്തരം പഴയ അടയ്ക്ക ഉണ്ടാക്കുന്നത്. ഉലിച്ചെടുക്കുന്ന അടക്കയിൽ നിന്നും തരംതിരിച്ചാണ് മേൽത്തരം, ഉള്ളി, ഫൊട്ടോറ്, കരിങ്കൊട്ട വേർതിരിച്ചെടുക്കുന്നത്. അതത് വർഷത്തെ ഉണക്കിയെടുക്കുന്നതാണ് പുതിയ അടയ്ക്ക. അടയ്ക്ക ഉരിച്ചെടുക്കുന്ന വേളയിൽ അടക്കയുടെ പുറംതൊലി പൂർണമായും നീങ്ങാത്തതിനെ ഉള്ളിയെന്നും പുറംഭാഗം വിണ്ടുകീറിയ ഇനത്തെ ഫോട്ടോറെന്നും കറുത്ത നിറമുള്ള കനംകുറഞ്ഞ ഇനത്തെ കരിങ്കൊട്ടയെന്നും വിളിക്കുന്നു.








