പതിനായിരങ്ങളെ കൊന്നൊടുക്കിയ വിനാശകരമായ യുദ്ധത്തിനൊടുവില്‍ ഇസ്രയേലും ഹമാസും തടവുകാരെ പരസ്പരം കൈമാറിയത് ലോകമെങ്ങും വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. മോചിപ്പിക്കപ്പെട്ട സ്ത്രീകളും പുരുഷന്മാരുമെല്ലാം അവശേഷിച്ച കുടുംബാംഗങ്ങള്‍ക്കരികില്‍ തിരിച്ചത്തിയതിന്‍റെ ദൃശ്യങ്ങള്‍ അതിവൈകാരികമായിരുന്നു. എന്നാല്‍ മോചിപ്പിക്കപ്പെട്ട പലസ്തീന്‍ സ്ത്രീകള്‍ തടവില്‍ നേരിട്ട പൈശാചിക പീഡനത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതോടെ ആശ്വാസമെല്ലാം കൊടിയവേദനയ്ക്ക് വഴിമാറി. മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളും അപമാനവുമാണ് ഇസ്രയേല്‍ ജയിലില്‍ നേരിടേണ്ടിവന്നതെന്ന് മോചിതയായ നാല്‍പ്പത്തിരണ്ടുകാരി വെളിപ്പെടുത്തി.
2024 നവംബറിൽ വടക്കൻ ഗാസയിലെ ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെ ഇസ്രയേല്‍ സൈനികരുടെ പിടിയിലായതാണ് ഈ യുവതി. അവരുടെ വാക്കുകള്‍ ഇങ്ങനെ: ‘ജയിലില്‍ വച്ച് ഇസ്രയേല്‍ പട്ടാളക്കാര്‍ നാലുവട്ടം ക്രൂരമായി ബലാല്‍സംഗം ചെയ്തു. നഗ്നയാക്കിയശേഷം വിഡിയോ ചിത്രീകരിച്ചു. ലൈംഗിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പീഡിപ്പിച്ചു.’ ഇതിനെല്ലാം പുറമേ നായ്ക്കളെ ഉപയോഗിച്ചും അതിക്രമം നടത്തിയെന്ന് അവര്‍ വെളിപ്പെടുത്തി. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിശദാംശങ്ങള്‍ ഉള്ളത്.
ലൈംഗികാതിക്രമങ്ങള്‍ക്ക് പുറമേ അങ്ങേയറ്റം ഹീനമായ അപമാനമാണ് തടവില്‍ നേരിടേണ്ടിവന്നത്. ‘ഇസ്രയേല്‍ സൈനികര്‍ ഇടയ്ക്കിടെ വന്ന് വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടും. മൊബൈലില്‍ അത് റെക്കോര്‍ഡ് ചെയ്യും. ക്രൂരമായി മര്‍ദിക്കും. ശരീരത്തില്‍ ഷോക്കടിപ്പിക്കും. ഓര്‍ത്താല്‍ പോലും ഭയക്കുന്ന തരത്തിലുള്ള പീഡനങ്ങളും അതിക്രമങ്ങളുമാണ് അവിടെ അരങ്ങേറിയത്. പ്രാര്‍ഥിക്കാന്‍ പോലും അവര്‍ അനുവദിച്ചിരുന്നില്ല.’
‘സൈനികര്‍ എന്നോട് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ പറഞ്ഞപ്പോള്‍ പേടിച്ച് അത് ചെയ്തു, അവരെന്നെ ഒരു ലോഹ മേശയില്‍ കമിഴ്ത്തി കിടത്തി, നെഞ്ചും തലയും അതില്‍ അമര്‍ത്തിപ്പിടിച്ചു, കൈകൾ കട്ടിലിന്റെ അറ്റത്ത് ബന്ധിപ്പിച്ചു. കാലുകൾ ബലമായി വേർപെടുത്തി. ഒരു മനുഷ്യൻ എന്നെ ബലാത്സംഗം ചെയ്തു. ഞാൻ നിലവിളിക്കാൻ തുടങ്ങി. പ്രകൃതിവിരുദ്ധ പീഡനം നടത്തി. അവർ എന്റെ പുറകിലും തലയിലും അടിച്ചു. കണ്ണുകൾ മൂടിക്കെട്ടി, മരിച്ചിരുന്നെങ്കില്‍ എന്ന് ഓരോ നിമിഷവും ആഗ്രഹിച്ചു, ഈ ഉപദ്രവമെല്ലാം കഴിഞ്ഞ ശേഷം ഞാന്‍ വസ്ത്രമില്ലാതെ മുറിയില്‍ ഒറ്റയ്ക്കായിരുന്നു. കൈകൾ കിടക്കയിൽ കെട്ടി മണിക്കൂറുകളോളം വസ്ത്രമില്ലാതെ കിടന്നു. മൂന്നു ദിവസം ആ മുറിയിൽ ഞാൻ നഗ്നയായിരുന്നു. മൂന്നാം ദിവസം, അവർ വാതിൽ തുറന്ന് എന്നെ നോക്കുകയും എന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഒരു സൈനികൻ എന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു. അതിനിടെ എനിക്ക് ആർത്തവം വന്നു. അപ്പോഴേക്കും എന്നോട് വസത്രം ധരിക്കാൻ പറഞ്ഞു.’ തുടര്‍ന്ന് മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നും യുവതി പറയുന്നു.
ഈ അത്രിക്രമത്തിനു ശേഷം ഹീബ്രൂ ഭാഷയില്‍ സൈനികര്‍ സംസാരിക്കുന്നതും അട്ടഹസിക്കുന്നതും പാതിബോധത്തില്‍ താനറിഞ്ഞു. മാനസിക, ശാരീരിര അതികമത്തിനിടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവേറ്റു, അനസ്തീസിയ പോലും നല്‍കാതെ ഒരു ഡോ്ക്ടര്‍ വന്ന് മുറിവുകള്‍ തുന്നിക്കെട്ടി,
വനിതാ തടവുകാര്‍ മാത്രമല്ല പുരുഷന്‍മാരായ തടവുകാരെയും അതിക്രൂരമായ രീതിയില്‍ ഉപദ്രവിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഗാസ മുനമ്പിലെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രത്തിനു സമീപം ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്ത 18 വയസ്സുള്ള യുവാവും തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ചു. താനുള്‍പ്പെടെയുള്ള ആറ് യുവാക്കളോട് മുട്ടുകുത്തിയിരിക്കാന്‍ ആവശ്യപ്പെട്ടെന്നും മലദ്വാരത്തില്‍ കുപ്പി തിരുകിക്കയറ്റി ക്രൂരമായി പീഡിപ്പിച്ചെന്നുമായിരുന്നു യുവാവ് അന്ന് തുറന്നുപറഞ്ഞത്.
35കാരനായ പലസ്തീന്‍ യുവാവിന്റെ അനുഭവങ്ങളും കേട്ടുനില്‍ക്കാനാവുന്നതായിരുന്നില്ല. നായയെക്കൊണ്ട് അവര്‍ ലൈംഗികമായി പീഡിപ്പിച്ചു. സൈനികര്‍ മലദ്വാരത്തില്‍ കയറ്റിയ മരത്തടി തിരിച്ചെടുത്ത് തന്‍റെ വായില്‍ തിരുകിവച്ചെന്നും ഇയാള്‍ പറയുന്നു. നായ്ക്കളെക്കൊണ്ടുപോലും ലൈംഗികമായി പീഡിപ്പിച്ചതിലൂടെ അവര്‍ ഞങ്ങളുടെ വിശ്വാസങ്ങളും പ്രതീക്ഷകളും എല്ലാം ഇല്ലാതാക്കിയെന്നും യുവാക്കള്‍ വെളിപ്പെടുത്തുന്നു. ആയിരത്തോളം പലസ്തീനിയന്‍ തടവുകാര്‍ ഇപ്പോഴും ഇസ്രയേലി ഡിറ്റന്‍ഷന്‍ ക്യാംപുകളിലും ജയിലുകളിലും കഴിയുന്നുണ്ട്.







