ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് യൂറോപ്പിലെ വമ്പന്‍ ടീമുകള്‍ ഇന്ന് കളത്തില്‍.പോര്‍ച്ചുഗലിനും ഫ്രാന്‍സിനും നോര്‍വെക്കും ഇറ്റലിക്കും ഇന്ന് മത്സരമുണ്ട്.
ലിയോണല്‍ മെസിയുടെ അര്‍ജന്റീനയും നെയ്മര്‍ ജൂനിയറിന്റെ ബ്രസീലും ലോകകപ്പിന് ടിക്കറ്റുറപ്പിച്ചു കഴിഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനും കിലിയന്‍ എംബാപ്പെയുടെ ഫ്രാന്‍സിനും ഏര്‍ലിങ് ഹാലണ്ടിന്റെ നോര്‍വെയ്ക്കും ഇന്ന് ജയിക്കാനായാല്‍ അമേരിക്കന്‍ ലോകകപ്പ് ഉറപ്പിക്കാം.
നാല് മത്സരങ്ങളില്‍ പത്ത് പോയിന്റുള്ള പോര്‍ച്ചുഗലിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും തോല്‍ക്കാതിരുന്നാല്‍ മതി ലോകകപ്പ് യോഗ്യതക്കായി. എന്നാല്‍, അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ന് തന്നെ കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കുകയാകും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഗ്രൂപ്പ് ഡിയിലെ ഒന്നാമന്മാരായ ഫ്രാന്‍സിനും യുക്രെയ്‌നെ തോല്‍പ്പിക്കാനായാല്‍ അടുത്ത മത്സരത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. രാത്രി ഒന്നേകാലിനാണ് ഈ രണ്ട് മത്സരങ്ങളും. ആറില്‍ ആറ് മത്സരങ്ങളും ജയിച്ച്, എതിരാളികളുടെ വലനിറച്ച് മുന്നേറുന്ന ഏര്‍ലിങ് ഹാലണ്ടിന്റെ നോര്‍വയുടെ എതിരാളികള്‍ എസ്റ്റോണിയയാണ്. രാത്രി പത്തരയ്ക്ക് നടക്കുന്ന ഈ മത്സരത്തില്‍ ജയിച്ചാല്‍ നോര്‍വെയുടെ ചരിത്രത്തിലെ നാലാം ലോകകപ്പാകുമത്.
അതേസമയം, നോര്‍വെക്ക് കാലിടറാന്‍ കാത്തിരിക്കുകയാണ് മുന്‍ ചാമ്പ്യന്മാരായ ഇറ്റലി. നോര്‍വെ പോയിന്റ് നഷ്ടപ്പെടുത്തുന്നതിനൊപ്പം രാത്രി ഒന്നേ കാലിന് നടക്കുന്ന മത്സരത്തില്‍ മോള്‍ഡോവയെ തോല്‍പ്പിക്കുക കൂടി വേണം അസൂറികള്‍ക്ക്. യൂറോപ്പില്‍ നിന്നുള്ള നിന്ന് ലോകകപ്പിന് ടിക്കറ്റുറപ്പിച്ച ആദ്യ ടീമായ ഇംഗ്ലണ്ട് ഏഴാം ജയം ലക്ഷ്യമിട്ട് സെര്‍ബിയേയും നേരിടുന്നുണ്ട്







