കൊച്ചി:ശബരിമല സ്വർണപ്പാളി കവർച്ച കേസിലെ പ്രതിയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയും തിരുവാഭരണം കമ്മിഷണറുമായിരുന്ന എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളി. കേസിലെ നാലാം പ്രതിയാണ് ജയശ്രീ. മിനിട്സ് തിരുത്തി ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജയശ്രീ സ്വർണപ്പാളികൾ കൈമാറിയെന്നാണ് എസ്ഐടി കണ്ടെത്തൽ. ശബരിമല ശ്രീകോവിലിലെ സ്വർണം ആസൂത്രിതമായി കവർന്ന കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.വാസു കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു
തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഗുരുതര ആരോഗ്യ പ്രശ്നം ഉണ്ടെന്നും കാട്ടിയാണ് എസ്. ജയശ്രീ സെഷൻസ് കോടതിയെ സമീപിച്ചത്. സമാന ഉള്ളടക്കത്തോടെ ഇവർ നൽകിയ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സെഷൻസ് കോടതിയെ സമീപിക്കാത്തതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കെ.ബാബു മുൻകൂർ ജാമ്യ ഹർജി തള്ളിയത്. നേരിട്ടു സമീപിക്കുന്നതിന് പ്രത്യേക സാഹചര്യങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി, സെഷൻസ് കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു
ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ഉണ്ടായതെന്നും തെറ്റു ചെയ്തിട്ടില്ലെന്നുമാണ് സെഷൻസ് കോടതിയിലെ ഹർജിയിൽ ജയശ്രീ വിശദീകരിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. 2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ജയശ്രീ ആയിരുന്നു ദേവസ്വം ബോർഡ് സെക്രട്ടറി. അതിനു ശേഷം 2020 മേയിൽ വിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും പ്രവർത്തിച്ചു.






