രാജ്യത്ത് വിവിധയിടങ്ങളിൽ സ്ഫോടനം നടത്താൻ ഭീകരവാദികൾ 32 കാറുകൾ തയാറാക്കിയിരുന്നതായി അന്വേഷണ ഏജൻസികൾ. ഇതിലൊരു കാറാണ് ചെങ്കോട്ടയ്ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. ബാബറി മസ്ജിദ് തകർത്തതിന്റെ വാർഷികദിനമായ ഡിസംബർ 6ന് ആക്രമണത്തിനു പദ്ധതിയിട്ടെന്നാണു കഴിഞ്ഞദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽനിന്നു അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
ഭീകരവാദികൾ ഉപയോഗിച്ച നാലു കാറുകൾ കണ്ടെടുത്തു. ബ്രസ്സ കാർ അൽ ഫലാഹ് സർവകലാശാലയിൽനിന്നാണ് കണ്ടെടുത്തത്. ഭീകര സംഘത്തിലെ വനിതാ ഡോക്ടർ ഷഹീന്‍ സായിദിന്റെ കാറാണിത്. ഷഹീൻ സായിദ്, ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗമായ ജമാഅത്തുൽ മുഅമിനാത്തിന്റെ ഇന്ത്യയിലെ നേതാവാണെന്നു പൊലീസ് പറഞ്ഞു. ഭീകരസംഘടനയിലേക്കു വനിതകളെ ചേർക്കുന്നതിനു നേതൃത്വം വഹിച്ചെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഇവർ അറസ്റ്റിലായിരുന്നു. ജയ്ഷെ തലവന്‍ മസൂദ് അസറിന്‍റെ അനന്തരവന്‍റെ ഭാര്യ ആരിഫ ബീവിയുമായി ഷഹീന് ബന്ധമുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്
ചെങ്കോട്ടയ്ക്കു മുന്നിൽ സ്ഫോടനം നടത്തിയ ഡോ.ഉമർ നബിയുടെ പേരിലുള്ള ചുവന്ന ഇക്കോസ്പോർട്ട് കാർ ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഇയാളുടെ പേരിലുള്ള ഐ 20 കാറാണ് ചെങ്കോട്ടയ്ക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. മറ്റു രണ്ടു കാറുകളും ഡൽഹി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഭീകരബന്ധമുള്ള 8 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനം നടന്നത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന റജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന് ഇടയാക്കിയ കാർ ഓടിച്ചത് ഡോ.ഉമർ നബിയാണെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സ്ഫോടനത്തിൽ 12 പേരാണ് മരിച്ചത്.






