പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 122 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നടക്കുന്നത്. 243 അംഗ നിയമസഭയിലെ 121 മണ്ഡലങ്ങളിൽ ആദ്യഘട്ടത്തിൽ വോട്ടെടുപ്പു കഴിഞ്ഞു. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 14നാണ്. ആദ്യഘട്ട വോട്ടെടുപ്പിലെ ഉയർന്ന പോളിങ് (65.08%) രണ്ടാം ഘട്ടത്തിലെ ഗ്രാമീണ മേഖലകളിലും തുടരുമോയെന്നാണ് അറിയേണ്ടത്. ഇന്നു വൈകിട്ട് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വരുന്നതോടെ ബിഹാറിലെ ഏകദേശ രാഷ്ട്രീയ ചിത്രം വ്യക്തമാകും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ (2020) എൻഡിഎ 125 സീറ്റു നേടി നേരിയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലേറിയത്
എൻഡിഎയിൽ ജനതാദൾ (യു), ബിജെപി, എൽജെപി (റാംവിലാസ്), ഹിന്ദുസ്ഥാനി അവാം മോർച്ച, രാഷ്ട്രീയ ലോക് മോർച്ച കക്ഷികളാണുള്ളത്. ആർജെഡി നയിക്കുന്ന ഇന്ത്യാസഖ്യത്തിൽ കോൺഗ്രസ്, വികാസ്ശീൽ ഇൻസാൻ പാർട്ടി, സിപിഐ എംഎൽ, സിപിഐ, സിപിഎം കക്ഷികളുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാർ അനാരോഗ്യം വകവയ്ക്കാതെ 84 തിരഞ്ഞെടുപ്പു റാലികളിൽ പ്രസംഗിച്ചു. ഇന്ത്യാസഖ്യത്തിന്റെ പ്രചാരണത്തിനു നേതൃത്വം നൽകിയ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ദിവസവും പതിനഞ്ചിലേറെ റാലികളിലാണു പങ്കെടുത്തത്







