മീനങ്ങാടി(വയനാട്): വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.കെ. സുനില്‍, എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ബാബുരാജ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാഹനപരിശോധനയില്‍ രേഖകള്‍ ഇല്ലാതെ പണവുമായി യാത്രക്കാരന്‍ പിടിയിലായി. മീനങ്ങാടിക്ക് സമീപം നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായ 1,36,90,000 രൂപ മലപ്പുറം തിരൂരങ്ങാടി വള്ളിക്കുന്ന് അമ്മത്തൂര്‍ വീട്ടില്‍ അബ്ദുല്‍ റസാക്കില്‍നിന്ന് കണ്ടെത്തുന്നത്.ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കര്‍ണാടക ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസിലെ യാത്രക്കാരനായിരുന്നു അബ്ദുല്‍ റസാക്ക്.അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ബി. ഹരിദാസ്, പ്രിവന്റീവ് ഓഫീസര്‍ കെ.വി. പ്രകാശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.ബി. നിഷാദ്, എം.ടി. അമല്‍ തോമസ്, എം.എം. ബിനു, കെ. അജ്മല്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.എം. സിനി, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ കെ.കെ. ബാലചന്ദ്രന്‍ എന്നിവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നു. പിടികൂടിയ തുക തുടര്‍നടപടികള്‍ക്കായി ആദായനികുതിവകുപ്പിന് കൈമാറുമെന്ന് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ എ.ജെ. ഷാജി അറിയിച്ചു.








