ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങൾ തുടരുന്നു എന്ന് തൃശ്ശൂർ ജില്ലാ കളക്ടർ ഹൈക്കോടതിയെ അറിയിച്ചു. പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കണമെന്നും നിർമ്മാണം അതിവേഗം പൂർത്തിയാക്കണമെന്നും ദേശീയപാത അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. എന്നാൽ ടോൾ പിരിവ് തുടരാം എന്ന് കോടതി വ്യക്തമാക്കി.ദേശീയപാതയിലെ പ്രശ്നങ്ങൾ മാറ്റമില്ലാതെ തുടരുന്നതായി തൃശൂർ ജില്ലാ കളക്ടർ അരുൺ പാണ്ഡ്യൻ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗതാഗതക്കുരുക്കും സുരക്ഷാ ഭീഷണിയും ഉണ്ട് . പലയിടത്തും ആഴത്തിലുള്ള കുഴികളും ഉണ്ട്. മണ്ണെടുത്ത സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടില്ല. മഴ പെയ്തതോടെ വെള്ളക്കെട്ടും കനത്ത ഗതാഗതക്കുരുക്കും ഉണ്ടായതായും കളക്ടർ കോടതിയെ അറിയിച്ചു.തുടർന്നാണ് നിർമ്മാണം വേഗത്തിൽ ആക്കണമെന്ന് കോടതി ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകിയത്. ഗതാഗത മാനേജ്മെൻറ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ യഥാസമയം നടപ്പിലാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ കുരുക്ക് എറണാകുളം തൃശൂർ ജില്ലകളിൽ ഉള്ളവരുടെ മാത്രം പ്രശ്നമല്ല. അതുവഴി യാത്ര ചെയ്യുന്ന മുഴുവനാളുകളുടെയും പ്രശ്നമാണെന്നും കോടതി ചൂണ്ടിക്കാട്ടി.എന്നാൽ ടോൾ പിരിവ് തടയണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ടോൾ പിരിവ് തുടരാമെന്ന് കോടതി വ്യക്തമാക്കി. ന്യായമായ ലാഭം കിട്ടിയെങ്കിൽ ടോൾ പിരിവ് അവസാനിപ്പിച്ചു കൂടെ എന്ന് കേന്ദ്രസർക്കാരിനോട് കോടതി വാക്കാൽ ആരാഞ്ഞു. എന്നാൽ പിരിവിന് കരാർ കാലാവധി ഉണ്ട് എന്നായിരുന്നു കേന്ദ്രസർക്കാരിൻറെ മറുപടി.









