കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതി കെഡി പ്രതാപന് ജാമ്യം. കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദീര്‍ഘകാലമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ് വിചാരണക്കോടതിയുടെ നടപടി. പതിനാറ് മാസത്തിന് ശേഷമാണ് കെ ഡി പ്രതാപന് ജാമ്യം ലഭിക്കുന്നത്. അതേസമയം പ്രതാപന് ജാമ്യം നല്‍കിയ നടപടിക്ക് എതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ 1,157 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഹൈറിച്ച് സ്ഥാപന ഉടമകളായ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീനി ഉള്‍പ്പടെ 37 പേരാണ് പ്രതി പട്ടികയിലുള്ളത്. ശ്രീനിയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന്റെ മറവില്‍ പണം തട്ടിയെടുത്തതിലെ കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.ഇതുവരെ ആകെ 277 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. നിക്ഷേപം എന്ന പേരിലാണ് ജനങ്ങളില്‍ നിന്ന് പ്രതികള്‍ പണം പിരിച്ചത്. ഹൈറിച്ച് ഗ്രോസറി, ഫാം സിറ്റി, എച്ച്ആര്‍ ക്രിപ്‌റ്റോ, എച്ച്ആര്‍ ഒടിടി തുടങ്ങിയ നിക്ഷേപം എന്ന പേരില്‍ പണം സമാഹരിച്ചത്. ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത കോടികള്‍ കള്ളപ്പണ ഇടപാടിലൂടെ വിദേശത്തടക്കം കടത്തി. വിദേശത്ത് ക്രിപ്‌റ്റോ കറന്‍സിയിലും ഇവര്‍ നിക്ഷേപിച്ചു. കള്ളപ്പണ ഇടപാട് ഉള്‍പ്പടെ നടത്തി പ്രതികള്‍ നിക്ഷേപകരെ വഞ്ചിച്ചു എന്നാണ് ഇഡി കണ്ടെത്തിയത്.










