മെയിൻ സ്ട്രീം സിനിമയിൽ മുൻനിരയിലുള്ള ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ, വിദ്യാ സാഗറിൻ്റെ മധുര മനോഹരമായ നിരവധി ഗാനങ്ങൾ, ഊട്ടിയുടെ ദൃശ്യഭംഗി പൂർണ്ണ നിറപ്പകിട്ടോടെ, നർമ്മവും, സസ്പെൻസുമൊക്കെ കോർത്തിണക്കി, ഭാവനാസമ്പന്നനായ രഞ്ജിത്തിൻ്റെ തിരക്കഥയിൽ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത ‘സമ്മർ ഇൻ ബത്ലഹേം’ (Summer in Bethlehem) എന്ന ചിത്രം നൂതന സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷക മുന്നിലെത്തുന്നു.കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ചിത്രം വലിയ ജനപ്രതി നേടിയിരുന്നു. ഓർത്തുവയ്ക്കുവാൻ ഒരുപാടു മുഹൂർത്തങ്ങൾ സമ്മാനിച്ച ചിത്രം ടെലിവിഷൻ ചാനലുകളിൽ ഇന്നും നിറസാന്നിദ്ധ്യമാണ്. ഈ സാഹചര്യത്തിലാണ് നൂതന സാങ്കേതികമികവിൻ്റെ അകമ്പടിയോടെ 4K അറ്റ്മോസിൽ ചിത്രം റീമാസ്റ്റർ ചെയ്യപ്പെടുന്നത്. പ്രേക്ഷകർക്കിടയിൽ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമായതിനാലാണ് ചിത്രത്തെ 4K അറ്റ്മോസിൽ അവതരിപ്പിക്കുന്നതെന്ന് നിർമ്മാതാവ് സിയാദ് കോക്കർ വ്യക്തമാക്കി.കോക്കേഴ്സ് ഫിലിംസിനൊപ്പം, അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം പ്രദർശനശാലകളിൽ എത്തിക്കുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്കു ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീ മാസ്റ്റർ ചെയ്യപ്പെടുന്നത്.സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ജനാർദ്ദനൻ, സുകമാരി, രസിക തുടങ്ങിയ നിരവധി താരങ്ങളും അഭിനയിക്കുന്നു.ഗിരീഷ് പുത്തഞ്ചേരിയുടേതാണു ഗാനങ്ങൾ. ഛായാഗ്രഹണം -സഞ്ജീവ് ശങ്കർ, കലാസംവിധാനം – ബോബൻ, മേക്കപ്പ് – സി.വി. സുദേവൻ, കോസ്റ്റ്യൂം ഡിസൈൻ – എസ്. ബി. സതീശൻ, ക്രിയേറ്റീവ് വിഷനറി ഹെഡ് – ബോണി അസ്സനാർ, കോറിയോഗ്രാഫി – കല, ബൃന്ദ; അറ്റ്മോസ് മിക്സ് – ഹരി നാരായണൻ, കളറിസ്റ്റ് – ഷാൻ ആഷിഫ്, പ്രൊജക്റ്റ് മാനേജ്മെൻ്റ് ജിബിൻ ജോയ് വാഴപ്പിള്ളി, സ്റ്റുഡിയോ – ഹൈ സ്റ്റുഡിയോ, മാർക്കറ്റിംഗ് – ഹൈപ്പ്, ഡിസൈൻ – അർജുൻ മുരളി, സൂരജ് സുരൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം കോക്കേഴ്സ് മീഡിയാ എൻ്റർടൈൻമെൻ്റ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.










