അൻപതാം വാർഷികത്തിൽ ഉപഭോക്താക്കൾക്കായി ആകർഷകമായ നിരവധി ഓഫറുകൾ പ്രഖ്യാപിച്ച് സപ്ലൈകോ. നാളെ മുതൽ ഓഫറുകളും ആനുകൂല്യങ്ങളും പ്രാബല്യത്തിൽ വരും. ഇതിനു പുറമെ വിവിധ തരത്തിലുള്ള പദ്ധതികളും സപ്ലൈകോ നടപ്പാക്കും. പ്രതിമാസ 250 കോടി രൂപ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക.140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും.സപ്ലൈകോയുടെ 50 വർഷ ആഘോഷങ്ങളുടെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് വിലക്കുറവും ഓഫറുകളും നൽകുന്നത്. നവംബർ ഒന്നു മുതൽ 50 ദിവസത്തേക്കാണ് ഈ പദ്ധതികൾ നടപ്പാക്കുക.സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമേ ആണിത്. നവംബർ ഒന്നു മുതൽ എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും.ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും. ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവിൽ നൽകും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉൽപ്പന്നം നവംബർ ഒന്നു മുതൽ 44 രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും.വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് 5% അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. 500 രൂപയ്ക്ക് സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില വിലക്കുറവിൽ നൽകും.105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്കാണ് നൽകുക. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേൽ സപ്ലൈകോ വില്പനശാലകളിൽ യുപിഐ മുഖേന പണം അടക്കുകയാണെങ്കിൽ അഞ്ചു രൂപ വിലക്കുറവും നൽകും.
 
			 
			









