തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നവംബര്‍ ഒന്നിന് പ്രഖ്യാപിക്കുമെന്ന് സൂചന. മികച്ച നടനായുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ മമ്മൂട്ടിയും, ആസിഫ് അലിയും വിജയരാഘവനും ടൊവിനോയും ഉണ്ടെന്നാണ് വിവരം. നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ മോഹന്‍ലാലും മത്സരിക്കുന്നുണ്ട്. 36 സിനിമകളാണ് ഇക്കുറി അവസാന റൗണ്ടിലെത്തിയത്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനത്തിന് മമ്മൂട്ടി ഒരിക്കല്‍കൂടി സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായി ആസിഫ് അലി മികച്ച നടനുള്ള മത്സരത്തിനുണ്ട്. കിഷ്‌കിന്ധാകാണ്ഡത്തിലെ പ്രകടനത്തിലൂടെ വിജയരാഘവനും എആര്‍എമ്മില്‍ മൂന്ന് വേഷങ്ങള്‍ ചെയ്ത് കൈയടി നേടിയ ടൊവിനോയും ആവേശം സിനിമയിലെ വേഷത്തിന് ഫഹദ് ഫാസിലും മികച്ച നടനാവാനുള്ള ഫൈനല്‍ റൗണ്ട് മത്സരത്തിലുണ്ടെന്നാണ് വിവരങ്ങള്‍.ചലച്ചിത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഫെമിനിച്ചി ഫാത്തിമ എന്നീ ചിത്രങ്ങളും മികച്ച ചിത്രമാകാനുള്ള മത്സരത്തിന്റെ അവസാന റൗണ്ടില്‍ ഉണ്ട്. ഈ ചിത്രങ്ങളില്‍ വേഷമിട്ട കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവര്‍ മികച്ച നടിയാവാൻ മത്സരിക്കുന്നു. അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.അജയന്റെ രണ്ടാം മോഷണം (ARM), ഗുരുവായൂര്‍ അമ്പലനടയില്‍, പ്രേമലു, വര്‍ഷങ്ങള്‍ക്കുശേഷം, സൂക്ഷ്മദര്‍ശിനി, മാര്‍ക്കോ, ഭ്രമയുഗം, ആവേശം, കിഷ്‌കിന്ധാകാണ്ഡം എന്നിവയാണ് ജനപ്രിയ ചിത്രങ്ങളുടെ പട്ടികയില്‍ അവസാന റൗണ്ടില്‍ ഉള്ളത്. നടന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നത്. സര്‍പ്രൈസ് എൻട്രികൾ ഉണ്ടാകുമോയെന്നും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു.











