കൊച്ചി: ഡോ. എം ലീലാവതിക്ക് ദേശാഭിമാനി സാഹിത്യ പുരസ്‌കാരം സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്തിചായും നേരത്ത് ഇത്തരത്തിലുള്ള ബഹുമതികള്‍ സാന്ത്വനമാണെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം എം ലീലാവതി പ്രതികരിച്ചു. സമ്മാനത്തിന്റെ ഒരു ഭാഗം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയാണ്. ഒരു ഭാഗം ചില വ്യക്തികളെ സഹായിക്കാന്‍ നീക്കി വയ്ക്കുകയാണെന്നും എം ലീലാവതി പറഞ്ഞു.സാംസ്‌കാരിക പ്രവര്‍ത്തകര്‍ സ്വതന്ത്രമായി സമൂഹത്തില്‍ ഇടപെടേണ്ടവരാണെന്നും നൂറ്റാണ്ടിന്റെ നായികയായി ജീവിച്ച ആളാണ് ലീലാവതി ടീച്ചറെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തലമുറകളുടെ വിടവ് ബാധിക്കാത്ത എഴുത്തുകാരിയാണ്. ധീരമായി അഭിപ്രായങ്ങള്‍ പറഞ്ഞു. ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സംസാരിച്ചു. മലയാളിയുടെ ചിന്ത എത്ര സൂക്ഷ്മവും വിശാലവും ധീരവുമാണെന്ന് ചിന്തിപ്പിക്കുന്ന വാക്കുകളാണ് ടീച്ചറുടേത്. ചിലര്‍ അതും വിവാദമാക്കി. പക്ഷെ ടീച്ചര്‍ പറഞ്ഞത് പിന്‍വലിച്ചില്ല. പത്തി താഴ്‌ത്തേണ്ടി വന്നത് വര്‍ഗീയ വാദികള്‍ക്കാണ്. അതിന് ടീച്ചറെ അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.നമ്മുടെ സാഹിത്യത്തിലെ സരസ്വതി ദേവിയാണ് എം ലീലാവതിയെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍ പറഞ്ഞു. സാഹിത്യത്തിലെ മഹാലക്ഷ്മി കൂടിയാണ് എം ലീലാവതി. ഫെമിനിസം എന്ന വാക്ക് നമ്മള്‍ കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ലീലാവതി ടീച്ചര്‍ ഫെമിനിസ്റ്റ് ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







