ആലപ്പുഴ: തുറവൂർ ടിഡി ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പട്ടണക്കാട് മേനാശ്ശേരി സ്വദേശി സമ്പത്താണ് (38) മരിച്ചത്. ഇന്നലെ പുലർച്ചെ മുതൽ ഇയാളെ കാണാനില്ലെന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച തുറവൂർ മഹാക്ഷേത്രത്തിന്റെ ശ്രീകോവിലിൽ അതിക്രമിച്ച് കയറിയതിന് സമ്പത്തിനെ ക്ഷേത്ര ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഞായറാഴ്ച വെെകിട്ടാണ് സമ്പത്ത് ശ്രീകോവിലിന് ഉള്ളിലേക്ക് അതിക്രമിച്ച് കയറിയത്. തുടർന്ന് ആൾക്കൂട്ടം തടഞ്ഞ് വയ്ക്കുന്നതും പൊലീസ് ചോദ്യം ചെയ്യുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. കസ്റ്റഡിയിലെടുത്ത ഇയാളെ കുടുംബാംഗങ്ങൾ എത്തിയാണ് കൊണ്ടുപോയത്. സമ്പത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ബന്ധുക്കൾ പറഞ്ഞതിനാൽ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നാലെ ഇന്നലെ പുലർച്ചെ സമ്പത്തിനെ കാണാതാകുകയായിരുന്നു. ഇന്ന് രാവിലെയാണ് തുറവൂരിലെ ടി ഡി ക്ഷേത്രക്കുളത്തിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.








