തൃത്താല: ലണ്ടനിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സംഘടിപ്പിച്ച ‘വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍’ മത്സരത്തില്‍ രണ്ടാംസ്ഥാനംനേടി പാലക്കാട്ടുകാരനായ വിദ്യാര്‍ഥി. 11-14 വയസ്സ് വിഭാഗത്തില്‍ റണ്ണറപ്പാണ് തൃത്താല മേഴത്തൂര്‍ അമ്മാത്തില്‍വീട്ടില്‍ ഋത്വേദ് ഗിരീഷ് (14).രണ്ടുവര്‍ഷംമുമ്പ് മേഴത്തൂരില്‍നിന്ന് പകര്‍ത്തിയ തേനീച്ചകളുടെ ചിത്രത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 90 രാജ്യങ്ങളില്‍നിന്നായി അറുപതിനായിരത്തോളം എന്‍ട്രികളാണ് മത്സരത്തിനുണ്ടായിരുന്നത്. കുടുംബത്തോടൊപ്പം യുഎഇയില്‍ താമസിക്കുന്ന ഋത്വേദ്, ദുബായ് ജെംസ് അവര്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ്. വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറായ അമ്മ ദീപാഗിരീഷില്‍നിന്നാണ് ഋത്വേദിന്റെ ക്യാമറക്കമ്പം തുടങ്ങുന്നത്. അച്ഛന്‍ ഗിരീഷ്‌കുമാര്‍ ഒരു കമ്പനിയില്‍ ടെക്നിക്കല്‍ മാനേജരാണ്. കോവിഡ് കാലത്താണ് ഋത്വേദ് ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തിത്തുടങ്ങിയത്. സ്‌കൂളിലെ ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു തുടക്കം.പിന്നീട് നാട്ടില്‍വരുമ്പോള്‍ വന്യജീവികളുടെ ചിത്രം പകര്‍ത്താന്‍ ദീപ പോകുമ്പോള്‍ മകനെയും കൂടെക്കൂട്ടാന്‍ തുടങ്ങി. കുഞ്ഞുകാര്യങ്ങളെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന മാക്രോ ഫോട്ടോഗ്രാഫിയോടാണ് ഋത്വേദിന് കമ്പം. ഈവര്‍ഷത്തെ എക്സ്പോഷര്‍ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി പുരസ്‌കാരവും ഋത്വേദിന്റെ ഈ ചിത്രത്തിനായിരുന്നു.ഇതേ മത്സരത്തില്‍ മുന്‍വര്‍ഷം ഋത്വേദിന് രണ്ടാംസമ്മാനം കിട്ടിയിരുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പോര്‍ട്ട്ഫോളിയോ പുസ്തകത്തില്‍ ഋത്വേദിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുബായില്‍ അല്‍കുദ്ര എന്ന സ്ഥലത്തും ചിത്രങ്ങളെടുക്കാന്‍ പോകാറുണ്ടെന്ന് ഋത്വേദ് പറയുന്നു. നിക്കോണ്‍ ഡി 750 ആയിരുന്നു ആദ്യ ക്യാമറ. സമ്മാനം കിട്ടിയ ചിത്രമെടുത്തത് നികോണ്‍ ഡി 850-ഉം സിഗ്മയുടെ മാക്രോ ലെന്‍സും ഉപയോഗിച്ചാണ്.











