ബാറ്ററി തകരാറിനെ തുടർന്ന് കാറുകൾ തിരിച്ച് വിളിച്ച് ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കലാണ് നടന്നത്. 1.15 ലക്ഷം കാറുകളാണ് സാങ്കേതിക തകരാറുകൾ കാരണം ബിവൈഡി തിരിച്ചുവിളിച്ചത്. 2015-2022 കാലഘട്ടത്തിൽ നിർമിച്ച വാഹനങ്ങളാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. യുവാൻ പ്രോ, ടാങ് സിരീസ് എന്നിവയിലാണ് തകരാറുകൾ കണ്ടെത്തിയത്.ബാറ്ററി ഇൻസ്റ്റാളേഷനെ ബാധിക്കുന്ന നിർമ്മാണ തകരാറുകൾ കാരണം 2021 ഫെബ്രുവരിക്കും 2022 ഓഗസ്റ്റിനും ഇടയിൽ നിർമ്മിച്ച 71,248 യുവാൻ പ്രോ ഇലക്ട്രിക് ക്രോസ്ഓവറുകളാണ് തിരിച്ചുവിളിക്കുന്നത്. 2015 മാർച്ചിനും 2017 ജൂലൈക്കും ഇടയിൽ നിർമ്മിച്ച 44,535 ടാങ് സീരീസ് വാഹനങ്ങൾക്കാണ് തകരാർ ബാധിച്ചിട്ടുള്ളത്.വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി വാഹന നിർമ്മാതാക്കൾ ഉൽപാദനം വേഗത്തിൽ വർദ്ധിപ്പിക്കുന്നതിനാൽ ഇലക്ട്രിക് വാഹന വ്യവസായം നേരിടുന്ന വർദ്ധിച്ചുവരുന്ന പ്രശ്നങ്ങളെയാണ് ഈ തിരിച്ചുവിളി എടുത്തുകാണിക്കുന്നത്. ബാറ്ററി ഹൗസിംഗിൽ സീലന്റ് പ്രയോഗിച്ച് പ്രശ്‌നം പരിഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിൽ BYD നാല് ഇലക്ട്രിക് കാറുകൾ ആണ് ഇന്ത്യയിൽ വിൽപ്പനക്കെത്തിക്കുന്നത്.