തിരുവനന്തപുരം: പോലീസിന്റെ ലാത്തിയടിയേറ്റ് വടകര എം പി ഷാഫി പറമ്പിലിന്റെ മൂക്കുപൊട്ടിയത് രാഷ്ട്രീയ വിവാദമായിരിക്കെ ഷാഫിയോട് സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി മിൽമ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത പരസ്യ കാർഡ് പ്രതിഷേധത്തെത്തുടർന്ന് പിൻവലിച്ചു. മിൽമ മലബാർ മേഖലാ യൂണിയന്റെ ഫേസ്ബുക്ക് പേജിൽ വന്ന കാർഡാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണമായത്.
മൂക്കിനു മുകളിൽ പ്ലാസ്റ്റർ ഒട്ടിച്ച ആളെയാണ് പരസ്യത്തിൽ അവതരിപ്പിച്ചത്. ‘എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ– തൊരപ്പൻ കൊച്ചുണ്ണി’ എന്നാണ് മിൽമ ഐസ്ക്രീം പിടിച്ചു നിൽക്കുന്നയാളുള്ള പരസ്യത്തിലെ വാചകം. ‘സിഐഡി മൂസ’ സിനിമയിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച കഥാപാത്രമാണ് തൊരപ്പൻ കൊച്ചുണ്ണി. ‘എനിക്ക് എഴുതാനല്ലേ അറിയൂ, വായിക്കാൻ അറിയില്ലല്ലോ’ എന്ന സിനിമയിലെ ഡയലോഗ് അന്ന് പ്രേക്ഷകർ നെഞ്ചേറ്റിയതാണ്.
ഷാഫിയെ പരിഹസിക്കാനുദ്ദേശിച്ചാണ് മിൽമയുടെ പരസ്യമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം. എന്നാൽ, ആരെയും അപമാനിക്കാനല്ല കാർഡ് പ്രചരിപ്പിച്ചതെന്ന് മിൽമ ചെയർമാൻ കെ എസ് മണി പ്രതികരിച്ചു. മിൽമയുടെ സമൂഹമാധ്യമ ടീമാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ആരെയും രാഷ്ട്രീയമായി ആക്രമിക്കാൻ മിൽമയ്ക്ക് താൽപര്യമില്ല. ഉപഭോക്താക്കളെ ആകർഷിക്കാൻ നല്ല പരസ്യവാചകങ്ങൾ നൽകാറുണ്ട്. അതിനപ്പുറമൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും മണി പറഞ്ഞു.
നേരത്തെ ബിജെപിയുടെ ക്ലിഫ് ഹൗസ് മാർച്ചിനിടെ പോലീസ് ബാരിക്കേഡ് മറികടന്നുപോകാൻ കഴിയാതെ അവരുമായി തർക്കിച്ച വിദ്യാർത്ഥിയെ കാരിക്കേച്ചറാക്കി മിൽമ പരസ്യം ചെയ്തിരുന്നു. ‘ഡാ മോനേ ഒന്നു കൂളായിക്കേ നീ’ എന്ന വാചകത്തോടെയായിരുന്നു ലെസിയുടെ പരസ്യം. കുട്ടിയുടെ പിതാവ് മിൽമ അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ആ പരസ്യവും പിൻവലിച്ചിരുന്നു.











