അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎംഐമ്മിന്റെ മുതിർന്ന നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന് തമിഴ്നാട് നിയമസഭയുടെ ആദരം. നിയമസഭാ സ്പീക്കർ അപ്പാവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സമുന്നതനായ നേതാവാണ് വി എസ്… ജനങ്ങളുടെ മനംകവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോടും കേരളത്തിലെ ജനങ്ങളോടും അനുശോചനം അറിയിച്ചുകൊണ്ടായിരുന്നു പ്രമേയം. ഇടവേളയ്ക്ക് ശേഷം ഇന്നാണ് തമിഴ്നാട് നിയമസഭ ആരംഭിച്ചത്.
ജൂലൈ 21 നാണ് വി എസ് അച്യുതാനന്ദൻ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ എസ് എ ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വി എസ് മരണത്തിന് കീഴടങ്ങിയത്. 2006മുതൽ 2011വരെ കേരള മുഖ്യമന്ത്രിയും മൂന്ന് തവണ പ്രതിപക്ഷ നേതാവുമായിരുന്നു. ഏഴു തവണ നിയമസഭാംഗമായിരുന്നു.അതേസമയം, കരൂർ ദുരന്തത്തിലും സ്‌പീക്കർ അനുശോചനം അറിയിച്ചു. ടി വി കെയുടെ പേരെടുത്ത പരാമർശിക്കാതെയായിരുന്നു അനുശോചന പ്രമേയം അറിയിച്ചത്. ഒരു രാഷ്ട്രീയപാർട്ടിയുടെ പരിപാടിയിൽ അപകടം ഉണ്ടായി. മുഖ്യമന്ത്രി അന്ന് രാത്രി തന്നെ കരൂരിൽ എത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു എന്നായിരുന്നു പ്രമേയം. അനുശോചന പ്രമേയം അവതരിപ്പിച്ച് ഇന്ന് സഭ പിരിയുകയാണ് ഉണ്ടായത്. ഇനി നാളെ കരൂർ വിഷയം വലിയ രീതിയിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.








