തിരുവനന്തപുരം: നിയമസഭയിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. സമ്മേളനത്തിനിടെ വാച്ച് ആൻഡ് വാർഡിനെ മർദിച്ചതിലും ചീഫ് മാര്‍ഷലിനെ പരിക്കേൽപ്പിച്ചതിനുമാണ് നടപടി. എം വിൻസന്റ്, റോജി എം ജോൺ, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മന്ത്രി എം ബി രാജേഷാണ് ഇതു സംബന്ധിച്ച് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്.സഭാ മര്യാദകളുടെ ലംഘനം നടത്തിയെന്ന് പ്രമേയത്തിൽ എം ബി രാജേഷ് പറയുന്നു. മര്‍ദനത്തില്‍ ചീഫ് മാർഷലിന് പരിക്കേറ്റു. അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവന്നു. തിങ്കളാഴ്ച മുതല്‍ പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിക്കുന്നതാണ് കണ്ടത്. സഭയ്ക്കകത്താകെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വനിതകൾ അടക്കമുള്ള സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കി. മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തു. ആക്ഷേപ ആംഗ്യങ്ങൾ കാണിച്ചുവെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.