സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാനായി ജിയോ ഫെൻസിങ് സംവിധാനം നടപ്പാക്കുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ആർ.ടി.ഒയുടെ കീഴില്‍ രണ്ട് റൂട്ടുകളിലാകും പദ്ധതി നടപ്പിലാക്കുക.
ഇതില്‍ ഒന്ന് നഗര മേഖലയിലും മറ്റൊന്ന് ഗ്രാമമേഖലയിലുമാണ്. നവംബർ ഒന്നിന് മുമ്ബ് സംസ്ഥാനത്ത് പദ്ധതി ആരംഭിക്കും. ഇതിന് മുന്നോടിയായി ബസ് ഉടമകളുടെ യോഗം വിളിച്ച് റൂട്ട് തിരഞ്ഞെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. പരീക്ഷണഘട്ടം വിജയിച്ചാല്‍ സംസ്ഥാനം മുഴുവൻ പദ്ധതി വ്യാപിക്കാനാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനം.
സ്വകാര്യ ബസുകളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങും തടയുന്നതിന് സമയക്രമം പരിഷ്കരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് സംസ്ഥാന വ്യാപകമായി ജിയോ ഫെൻസിങ് നടപ്പാക്കാനുള്ള തീരുമാനം.
പുറപ്പെടുന്ന സ്ഥലത്ത് നിന്നും നഗരങ്ങളില്‍ അഞ്ച് മിനുട്ട് വിത്യാസവും ഗ്രാമങ്ങളില്‍ 10 മിനുട്ടിന്റെ വ്യത്യാസവും ആകും ബസുകള്‍ തമ്മിലുള്ള സമയ ദൈർഘ്യം. ജി.പി.എസ് അധിഷ്ഠിതമായ ജിയോ ഫെൻസിങ് സംവിധാനത്തിലൂടെ വാഹനങ്ങളുടെ സഞ്ചാരപദം മോട്ടോർ വാഹനവകുപ്പിന് നിരീക്ഷിക്കാനാകും. ഒരു പ്രത്യേക മേഖലയ്ക്കുള്ളില്‍ ഒരു ബസ് തിരഞ്ഞെടുത്ത പോയിന്റുകളില്‍ പ്രവേശിക്കുമ്ബോഴോ പുറത്തുകടക്കുമ്ബോഴോ അല്ലെങ്കില്‍ ഒരു പ്രത്യേക സോണില്‍ വേഗപരിധി കവിയുമ്ബോഴോ സിസ്റ്റം അലേർട്ടുകള്‍ പ്രവർത്തനക്ഷമമാക്കുന്നതാണ് ഈ സംവിധാനം.
റോഡില്‍ പലയിടങ്ങളിലായി ജിയോ ഫെൻസിങ് സ്ഥാപിക്കുന്നത് വഴി വാഹനങ്ങള്‍ കടന്നുപോകാൻ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കാൻ കഴിയും. ഇതിലൂടെ നിയമലംഘനങ്ങള്‍ തടയാൻ സാധിക്കുമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ വിലയിരുത്തല്‍.
അതേസമയം, സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കിയതും നവംബർ ഒന്നിന് പ്രാബല്യത്തില്‍ വരും. കെ.എസ്.ആർ.ടി.സി ബസുകളിലും സ്കൂള്‍ വാഹനങ്ങളിലും ഉള്‍പ്പടെ ബ്ലൈൻഡ് സ്പോട്ട് മിറർ സ്ഥാപിക്കേണ്ടിവരും. ഹെവി വാഹന ഡ്രൈവർമാരുടെ ബ്ലൈൻഡ് സ്പോട്ടുകളില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ബ്ലൈൻഡ് സ്പോട്ട് മിറർ
വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവർക്ക് കാണാൻ കഴിയാത്ത ഭാഗങ്ങളാണ് ബ്ലൈൻഡ് സ്പോട്ടുകള്‍.
ട്രക്കുകള്‍, ബസുകള്‍ തുടങ്ങിയ വലിയ വാഹനങ്ങളില്‍ ഈ ബ്ലൈൻഡ് സ്പോട്ടുകള്‍ വളരെ വലുതായിരിക്കും. ബസ് പോലുള്ള വലിയ വാഹനങ്ങളെ ഒാവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന കാറോ ബൈക്കോ പോലുള്ളവ ബ്ലൈൻഡ് സ്പോട്ടില്‍ ആണെങ്കില്‍ ഡ്രൈവറുടെ ശ്രദ്ധില്‍ പെടില്ല. സൈഡ് മിററിലും ഇവ ദൃശ്യമാകില്ല.
ഈ പ്രശ്നം പരിഹരിക്കാൻ വാഹനത്തിൻ്റെ സൈഡ് മിററുകളില്‍ ഘടിപ്പിക്കുന്ന ചെറിയ കോണ്‍വെക്സ് കണ്ണാടിയാണ് ബ്ലൈൻഡ് സ്പോട്ട് മിറർ. ഇവ കൂടുതല്‍ കാഴ്ചാ പരിധി നല്‍കുന്നതുകൊണ്ട് തൻ്റെ ബ്ലൈൻഡ് സ്പോട്ടില്‍ ഉള്ള വാഹനങ്ങളെ പോലും ഡ്രൈവർക്ക് കാണാൻ സാധിക്കും.











