തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ വർധനവ്. പവന് 1040 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 86,760 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് പവൻ വില 86000 കടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 130 രൂപ ഉയർന്ന് വില 10,845 രൂപയിലെത്തി. സെപ്റ്റംബർ 29 രേഖപ്പെടുത്തിയ 85,720 രൂപ എന്ന റെക്കോർഡാണ് ഇതോടെ തകർന്നിരിക്കുന്നത്. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ ഇന്ന് കാണാൻ സാധിക്കുന്നത്. രാജ്യാന്തര വില ഔൺസിന് 38.75 ഡോളർ ഉയർന്ന് 3,865.53 ഡോളറിൽ എത്തി.ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 11,831 രൂപയും, പവന് 94,648 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,873 രൂപയും പവന് 70,984 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 161 രൂപയും കിലോഗ്രാമിന് 1,61,000 രൂപയുമാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ നികുതി നയം, യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകൾ തുടങ്ങിയ ഘടകങ്ങളാണ് സ്വർണവില വർധിക്കുന്നതിന് പ്രധാന കാരണം. സുരക്ഷിതമായ നിക്ഷേപം എന്ന നിലയിൽ സ്വർണത്തോടുള്ള ഉപഭോക്താക്കളുടെ താൽപ്പര്യം വർധിച്ചതും വിലവർധനവിന് കാരണമായി.











