പൊന്നാനി:മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയ ഭവന സമുച്ചയത്തിലെ മലിനജല പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. 128 കുടുംബങ്ങൾ താമസിക്കുന്ന ഭവന സമുച്ചയത്തിന് സമീപം ശുചിമുറിയിലേത് അടക്കമുള്ള മലിനജല പ്രശ്നം കാരണം പൊറുതി മുട്ടിയ താമസക്കാർ വാടക വീടുകളിലേക്കും, ബന്ധ വീടുകളിലേക്കും താമസം മാറ്റി. സ്ഥലം എംഎൽഎ ബന്ധപ്പെട്ട വിവിധ വകുപ്പുകളുമായി പ്രശ്നപരിഹാരത്തിന് ഏകീകരണം ഉണ്ടാകാത്തത് കാരണം ദുർഗന്ധം വമിക്കുന്ന മലിന ജലപ്രശ്നം പരിഹരിക്കുന്നതിനുള്ള പണികൾ ഇഴഞ്ഞു നീങ്ങുകയാണ് ചെയ്യുന്നത്.കടലിനോടും ഭാരതപ്പുഴയോടും ചേർന്ന് കിടക്കുന്ന ഭവന സമുച്ചയത്തിന് നഗരസഭ കെട്ടിട നമ്പർ നൽകാത്തതും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ദുരിതത്തിലാക്കി.ഭാരതപ്പുഴ മണ്ണിട്ട് നികത്തി കെട്ടിടം നിർമ്മിച്ചത് കാരണം മിക്ക വീടുകളുടെയും ചുമരുകളിൽ വിള്ളലുകൾ സംഭവിച്ചു.പ്രശ്നപരിഹാരത്തിന് വകുപ്പ് മന്ത്രിമാർക്കും, ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടികളും സ്വീകരിച്ചില്ലെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയറിങ് ഉപരോധിച്ചു കൊണ്ട് കെപിസിസി മെമ്പർ എ എം രോഹിത് കുറ്റപ്പെടുത്തി.മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പി സക്കീർ,എസ് മുസ്തഫ, പി ടി ജലീൽ, എം അബ്ദുല്ലത്തീഫ്, എ പവിത്രകുമാർ, പി സദാനന്ദൻ,അറഫാത്ത്,യു മനാഫ്, മുഹമ്മദ് പൊന്നാനി,കെ എസ് ഹിർസുറഹ്മാൻ,വസുന്ധരൻ,സതീശൻ,സുന്ദരൻ കേശവൻ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.