കണ്ണൂര്‍ സ്വദേശി ഡോ. ഷക്കീല്‍ പി അഹമ്മദ് മേഘാലയ ചീഫ് സെക്രട്ടറിയായി ഈ മാസം 30ന് ചുമതലയേല്‍ക്കും. 1995ലെ ഐഎഎസ് ബാച്ചില്‍ റാങ്ക് ഹോള്‍ഡര്‍ ആയി ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് പ്രവേശിച്ച ഡോ. ഷക്കീല്‍ അഹമ്മദ്, നിലവില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയും റവന്യൂ ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണുമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും ഓഫീസ് ഡയറക്ടറായും മോസ്‌കോയിലെ ഇന്ത്യന്‍ എംബസി ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാര്‍ഡ്, ആഗോളതലത്തില്‍ ഏറ്റവും മികച്ച പദ്ധതിക്കുള്ള ബ്രിട്ടീഷ് പാര്‍ലമെന്റ് അവാര്‍ഡ്, മത്സ്യസങ്കേതങ്ങള്‍ക്കുള്ള IUCN അവാര്‍ഡ് എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്.ഹോമിയോ ഡോക്ടറായിരിക്കെ സിവില്‍ സര്‍വീസിലെത്തിയ ഷക്കീല്‍ അഹമ്മദ് രാഷ്ട്രപതിയുടെ സ്വര്‍ണമെഡല്‍ നേടിയാണ് സിവില്‍ സര്‍വീസ് പരിശീലനം പൂര്‍ത്തിയാക്കിയത്. ചെക്‌സസ് സര്‍വകലാശാലയില്‍ നിന്ന് പബ്ലിക്ക് അഡ്മിനിസ്‌ട്രേഷനില്‍ മാസ്റ്റേഴ്‌സ് ബിരുദവും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഫിന്‍ടെക് കോഴ്‌സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2026 നവംബര്‍ വരെയാണ് ഡോ. ഷക്കീല്‍ അഹമ്മദിന്റെ കാലാവധി.
കണ്ണൂര്‍ മരക്കാര്‍കണ്ടിയില്‍ തോട്ടത്തില്‍ മുസ്തഫയുടെയും കണ്ണൂര്‍ സിറ്റി പുല്‍സാറകത്ത് ആയിഷയുടെയും മകനാണ് ഡോ. ഷക്കീല്‍ അഹമ്മദ്. സഫീറയാണ് ഭാര്യ. ആയിഷ ഷക്കീല്‍, നേഹ നാസ്നിന്‍ ഷക്കീല്‍ എന്നിവര്‍ മക്കളാണ്.