പാലക്കാട്: പാലക്കാട് മലമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിന്റെ അഭ്യാസം. അട്ടപ്പാടി അഗളി പഞ്ചായത്തിലെ മേട്ടുവഴിയിലാണ് സംഭവം. ഒരാഴ്ച മുൻപാണ് യുവാവ് മലമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസ പ്രകടനം നടത്തിയത്. ജനവാസ മേഖലയിൽ മലമ്പാമ്പ് ഇറങ്ങിയിട്ടുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്. അപ്പോഴാണ് പ്രദേശവാസിയായ യുവാവ് മലമ്പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്ന കാഴ്ച കണ്ടത്. ഏറെ നേരത്തോളം യുവാവ് പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്നതിന്റെയും നാട്ടുകാർ അത് നോക്കിനിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് യുവാവ് മലമ്പാമ്പിനെ കൈമാറിയത്. യുവാവിനെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ വനം വകുപ്പിൽ ആശയക്കുഴപ്പമുണ്ട്. മേലുദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം മാത്രമെ ഇയാൾക്കെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളു.