പുനലൂർ: ചെങ്കുത്തായ മലമുകളിലെ റബ്ബർതോട്ടത്തിൽ കൈകാലുകൾ ചങ്ങലകൊണ്ടു പൂട്ടി റബ്ബർമരത്തിൽ ബന്ധിച്ചനിലയിൽ ജീർണിച്ച മൃതദേഹം. പുനലൂരിനടുത്ത് പിറവന്തൂർ പഞ്ചായത്തിലെ വൻവിള വാർഡിൽ, പുനലൂർ-മൂവാറ്റുപുഴ ഹൈവേയോടു ചേർന്ന മുക്കടവ് ആളുകേറാമലയിലാണ് സംഭവം.മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുള്ളതായി കരുതുന്നു. പുരുഷന്റേതാണെന്നാണ് പ്രാഥമിക അനുമാനം. കഴുത്തിൽ സ്വർണമാലയണിഞ്ഞിട്ടുണ്ട്. മൃതദേഹത്തിനടുത്തുനിന്ന് കന്നാസ്, കത്രിക, ബാഗ് തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്.കാന്താരിമുളക് ശേഖരിക്കാൻ ചൊവ്വാഴ്ച ഉച്ചയോടെ മലമുകളിലെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ അറിയിച്ചതനുസരിച്ച് പുനലൂരിൽനിന്ന് പോലീസ് സംഘമെത്തി പ്രാഥമിക പരിശോധന നടത്തി. തുടർന്ന് ഡോഗ് സ്‌ക്വാഡും ഫൊറൻസിക് വിദഗ്ധരുമെത്തി തെളിവെടുത്തു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും.പുനലൂർ കാര്യറ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർതോട്ടം. മാസങ്ങളായി റബ്ബർമരങ്ങൾ ടാപ്പ് ചെയ്യാത്തതിനാൽ കാടുകയറിയനിലയിലാണ് തോട്ടം. സംഭവത്തെത്തുടർന്ന് അടുത്തിടെ കാണാതായ ആളുകളെ സംബന്ധിച്ച കേസുകൾ പോലീസ് പരിശോധിച്ചുവരികയാണ്.