തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റുമായി ചർച്ച നടത്തിയതായി മന്ത്രി വി ശിവൻകുട്ടി. സർക്കാറിന് ഇക്കാര്യത്തിൽ തുറന്ന മനസാണുള്ളതെന്ന് വ്യക്തമാക്കിയ മന്ത്രി, കോടതി വിധിയിൽ വെള്ളം ചേർക്കാനുള്ള ബോധപൂർവ ശ്രമം ഒരു വിഭാഗം നടത്തുന്നുണ്ടെന്നും ആരോപിച്ചു. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപകകരുടെ ആദ്യ നിയമന പ്രക്രിയ ഒക്ടോബർ 25 നകം പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് ഒരു കൈപ്പുസ്തകം ഇറക്കിയിരുന്നു. സംശയങ്ങൾ ഇല്ലാതാക്കാനാണ് പുസ്തകം പുറത്തിറക്കിയത്. ജില്ലാ തല സമിതി രൂപീകരിച്ചു. പരാതി ഉള്ളവർക്ക് സമിതിയെ അറിയിക്കാം. നവംബർ 10 നകം അദാലത്ത് സംഘടിപ്പിക്കും. 7000 ഒഴിവുകൾ മാനേജ്‌മെന്റുകൾ മാറ്റിവെക്കണം. എന്നാൽ നിലവിൽ 1500 ഒഴിവ് മാത്രമെ എയിഡഡ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളു. ഇത് ഭിന്നശേഷി സംവരണം അട്ടിമറിക്കുന്ന പ്രവണതയാണ്. നിയമനം നടത്താതെ സർക്കാർ ഉപദ്രവിക്കുന്നുവെന്ന പേരിലുള്ള സമരം രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലെ നിയമനം പൂർണ്ണമായും സർക്കാരിന്റെ നിയന്ത്രണത്തിലാക്കിയത്. ഇതിനായി സംസ്ഥാന-ജില്ലാ തലങ്ങളിൽ ഉദ്യോഗസ്ഥ സമിതികൾ രൂപീകരിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തി ജില്ലാതല സമിതി റാങ്ക് പട്ടിക തയ്യാറാക്കി. ജില്ലാതല സമിതി തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് നിയമനത്തിനായി ശുപാർശ ചെയ്യും. ഈ ശുപാർശകൾ അനുസരിച്ച് നിയമനം നടത്തേണ്ടത് മാനേജർമാരുടെ നിയമപരമായ ബാധ്യതയാണെന്നാണ് കോടതി വിധി.









