കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച റഹീമിനൊപ്പം ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആളെയും സമാന ലക്ഷങ്ങളോടെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം സ്വദേശി ശശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ജോലി ചെയ്തിരുന്ന കോഴിക്കോട് പന്നിയങ്കരയിലെ ശ്രീനാരായണ ഹോട്ടൽ അടച്ചിടാൻ കോർപറേഷൻ നിർദേശം നൽകി. ഇവർ താമസിച്ചിരുന്ന വീട്ടിലെ കിണറിൽ നിന്നും വെള്ളത്തിന്‍റെ സാമ്പിൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു. സംഭവത്തെതുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയിലാണ്. അബോധാവസ്ഥയിലായിരുന്ന റഹീം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. റഹീമിന്‍റെ മരണം അമീബിക് മസ്തിഷ്ക ജ്വരത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. അതേസമയം, രോഗം വ്യാപകമാകുമ്പോഴും ഉറവിടം കണ്ടെത്തുന്നതിൽ കൂട്ടായ പരിശ്രമമോ ഗൗരവകരമായ ചർച്ചയോ നടക്കുന്നില്ലെന്ന് ഡോക്ടർമാർക്കിടയിൽ വിമർശനം ഉയരുന്നുണ്ട്. ചില ഡോക്ടർമാർ പറയുന്നതുമാത്രം വിശ്വസിച്ചാണ് അധികൃതർ മുന്നോട്ടുപോകുന്നതെന്നും വിമർശനമുണ്ട്. അമീബ സാന്നിദ്ധ്യം സംശയിക്കുന്ന വെള്ളം കൾച്ചർ ചെയ്യുന്നതിൽ പോലും വീഴ്ചയുണ്ടെന്ന് മൈക്രോബയോളജിസ്റ്റുകൾ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും കൂട്ടായി സ്വകാര്യ മേഖലയിലെ വിദഗ്ദ്ധരുടെ സഹകരണത്തോടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ ആരായുന്നതിന് പകരം. ചില ഡോക്ടർമാരും ഉദ്യോഗസ്ഥരും തുടർച്ചയായി യോഗം ചേരുന്നതല്ലാതെ കാര്യമായ നടപടികളില്ലെന്നും ആക്ഷേപമുണ്ട്. ആദ്യഘട്ടത്തിൽ രോഗബാധയ്ക്ക് കാരണമായിരുന്ന അമീബയല്ല ഇപ്പോഴത്തെ രോഗത്തിന് കാരണം. പ്രതിരോധ നടപടികൾ രണ്ടു വർഷം മുൻപ് രോഗകാരണമായ അമീബ കേന്ദ്രീകരിച്ചാണെന്നും ഒരുവിഭാഗം ഡോക്ടർമാർ പറയുന്നു.









