തിരുവനന്തപുരം: ഈ സർക്കാരിന്റെ കാലത്തുതന്നെ കേരളത്തിലെ മുഴുവൻ സാനിറ്ററി മാലിന്യവും സംസ്‌കരിക്കാനാവുന്ന പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ അറിയിച്ചു. തൃശ്ശൂർ കോർപ്പറേഷൻ, പാലക്കാട്, വർക്കല നഗരസഭകൾ, എളവള്ളി, കൊരട്ടി ഗ്രാമപ്പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ സാനിറ്ററി മാലിന്യ സംസ്‌കരണത്തിനായി ഡബിൾ ചേംബർ ഇൻസിനറേറ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ഇനി നാല് റീജണൽ പ്ലാന്റുകൾകൂടി വരുമെന്നും വി.കെ. പ്രശാന്തിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടിനൽകി.ബ്രഹ്മപുരത്ത ഒൻപത് ലക്ഷം മെട്രിക് ടണ്ണിലധികം മാലിന്യത്തിൽ 90 ശതമാനവും നീക്കിക്കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. അവശേഷിക്കുന്നത് ഒരു മാസത്തിനകം നീക്കും. അവിടെ 150 ടൺ ജൈവമാലിന്യം പ്രതിദിനം സംസ്‌കരിക്കാൻകഴിയുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പണി പൂർത്തിയായിക്കഴിഞ്ഞു. സമാനമാതൃകയിൽ പാലക്കാട്ടെ സിബിജി പ്ലാന്റിന്റെ പണി രണ്ടുമാസത്തിനകം പൂർത്തിയാകും. തൃശ്ശൂരിൽ പണി നടക്കുന്നു. കോഴിക്കോട്ട് ബിപിസിഎലുമായി ചേർന്ന് പ്ലാന്റ് നിർമിക്കുന്നതിന് കരാർ ഒപ്പുവെച്ചു. തിരുവനന്തപുരം, കൊല്ലം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽക്കൂടി സിബിജി പ്ലാന്റുകൾ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.അടുത്ത ഒന്നരവർഷത്തിനുള്ളിൽ മാലിന്യംതള്ളുന്ന കേന്ദ്രങ്ങളില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിക്കും. നിഷ്‌ക്രിയമാലിന്യം സംസ്‌കരിക്കുന്നതിന് സംസ്ഥാനത്ത് അഞ്ച് ആർഡിഎഫ് പ്ലാന്റുകൾ അടുത്ത മൂന്നുമാസത്തിനുള്ളിൽ നിലവിൽവരും.











