തൃശ്ശൂര്‍:കണ്ണന്റെ പിറന്നാളിന് ഇന്ന് നാടാകെ ആഘോഷം.ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശോഭയാത്രയിൽ ജില്ലയിലാകെ പതിനായിരം കണ്ണൻമാർ അണിഞ്ഞൊരുങ്ങിയെത്തും. ഗുരുവായൂരിലും തിരുവമ്പാടിയിലുമെല്ലാം വിവിധ ശ്രീകൃഷ്ണജയന്തി പരിപാടികൾ അരങ്ങേറും.ബാലഗോകുലം ജില്ലയിൽ 1050 ഇടങ്ങളിലാണ് ശോഭയാത്ര നടത്തുന്നത്. ഇവ 300 ഇടങ്ങളിൽ സംഗമിക്കും.
പതിനായിരം കൃഷ്ണവേഷങ്ങൾക്കു പുറമേ മറ്റു വേഷങ്ങളും നിശ്ചലദൃശ്യങ്ങളും ഗോപികാനൃത്തവും അണിനിരക്കും. തൃശ്ശൂർ ഉൾപ്പെടെ 11 ഇടങ്ങളിൽ മഹാശോഭയാത്രയാണ്. തൃശ്ശൂരിലെ ശോഭയാത്ര വൈകീട്ട് അഞ്ചിന് പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽനിന്ന് ആരംഭിക്കും. 23 സ്ഥലങ്ങളിൽനിന്നുള്ള ആളുകളാണ് തൃശ്ശൂരിലെ ശോഭയാത്രയിൽ പങ്കെടുക്കുക.
തിരുവമ്പാടി ക്ഷേത്രത്തിലെ ശ്രീകൃഷ്ണജയന്തി ആഘോഷം പുലർച്ചെ ആരംഭിച്ചു. രാവിലെ ഏഴിന് ഗോപൂജ, എട്ടരയ്ക്ക് എഴുന്നള്ളിപ്പിൽ കക്കാട് രാജപ്പൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, ഓട്ടൻതുള്ളൽ, അക്ഷരശ്ലോകം, ഭക്തിഗാനമേള തുടങ്ങിയവ അരങ്ങേറും. രാത്രി 8.15-ന് തായമ്പക. രാത്രി 12.45-ന് അത്താഴപ്പൂജയ്ക്കുശേഷം ആഘോഷച്ചടങ്ങുകൾ അവസാനിക്കും.
വടക്കുന്നാഥക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തിയുടെ ഭാഗമായി പുലർച്ചെ ഗോശാലകൃഷ്ണന് പ്രത്യേക അഭിഷേകങ്ങളും രാവിലെ എട്ടിന് ഗോപൂജയോടെ തുടങ്ങി വൈകീട്ട് ഗോശാലകൃഷ്ണന് നിറമാലയും ചുറ്റുവിളക്കും ഉണ്ടായിരിക്കും.ക്ഷേത്രം ഉപദേശകസമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.











