നേപ്പാൾ സംഘർഷത്തിൽ മരണസംഖ്യ 51 ആയി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മരിച്ചവരും ഒപ്പം തന്നെ സംഘർഷത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെയും കണക്കുകളാണ് നേപ്പാൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടരിരിക്കുന്നത്. ഒരു ഇന്ത്യക്കാരിയും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിങ് മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട് ഒളിൽപ്പോയ 12,500-ലധികം തടവുകാരെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസ്. കാഠ്മണ്ഡു താഴ്‌വരയിൽ നേപ്പാൾ പൊലീസ് ഇതിനകം തന്നെ തിരച്ചിൽ നടത്തുന്നുണ്ട്.അതേസമയം, നേപ്പാൾ ഇടക്കാല പ്രധാനമന്ത്രിയായി മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കർക്കി ആയേക്കുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. പ്രതിഷേധിക്കുന്ന ജെൻ സി വിഭാഗമാണ് ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുശീല കർക്കിയുടെ പേര് നിർദേശിച്ചത്. 2016 ജൂലൈ മുതൽ 2017 ജൂൺ വരെ നേപ്പാൾ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു കർക്കി. നേപ്പാൾ ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ സുശീല കർക്കി കർശനമായ നിലപാട് സ്വീകരിച്ചിരുന്നത് ശ്രദ്ധേയമായിരുന്നു.