ന്യൂഡല്‍ഹി: നടി ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളുമടക്കം ദുരുപയോഗം ചെയ്യുന്നത് വിലക്കി ഡല്‍ഹി ഹൈക്കോടതി. ഒരു വ്യക്തിയുടെ വ്യക്തിപരമായ സവിശേഷതകള്‍ അനധികൃതമായി ചൂഷണം ചെയ്യുന്നത് സ്വകാര്യതയ്ക്കുള്ള അവരുടെ അവകാശത്തെ ലംഘിക്കുക മാത്രമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കോടതി നിരീക്ഷിച്ചു.നിര്‍മിതബുദ്ധിയുടെ (എഐ) ഉപയോഗത്തിലൂടെ പോലും, നടിയുടെ പേര്, ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്യുന്നതില്‍നിന്ന് വിവിധ സ്ഥാപനങ്ങളെ കോടതി വിലക്കി. ഇത്തരത്തിലുള്ള ദുരുപയോഗം നടിയുടെ പ്രശസ്തിക്ക് ദോഷം വരുത്തുമെന്നും കോടതി വ്യക്തമാക്കി. പേര്, പ്രതിച്ഛായ, സാദൃശ്യം അല്ലെങ്കില്‍ വ്യക്തിത്വത്തിന്റെ മറ്റ് ഗുണവിശേഷങ്ങള്‍ എന്നിവയുടെ ചൂഷണത്തെ നിയന്ത്രിക്കാനും സംരക്ഷിക്കാനുമുള്ള അവകാശം വ്യക്തികള്‍ക്കുണ്ട്. അതില്‍നിന്ന് ലഭിക്കാവുന്ന വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് പുറമെയാണിത്. ഒരാളുടെ വ്യക്തിത്വ സവിശേഷതകളുടെ അനധികൃത ചൂഷണത്തിന് രണ്ട് വശങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.ഒന്നാമതായി, അവരുടെ വ്യക്തിത്വ സവിശേഷതകള്‍ വാണിജ്യപരമായി ചൂഷണം ചെയ്യപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കാനുള്ള അവരുടെ അവകാശം ലംഘിക്കപ്പെടുന്നു. രണ്ടാമതായി അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനം നടക്കുന്നു. ഇത് അന്തസ്സോടെ ജീവിക്കാനുള്ള അവരുടെ അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നതിലേക്ക് നയിക്കുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങളില്‍ കോടതികള്‍ക്ക് കണ്ണടയ്ക്കാനാവില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് തേജസ് കരിയ അഭിപ്രായപ്പെട്ടു. ഐശ്വര്യയുടെ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുള്ള ലിങ്കുകള്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ ഗൂഗിള്‍ എല്‍എല്‍സിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.തന്റെ പേരും ചിത്രങ്ങളുമടക്കം അനുമതിയില്ലാതെ ഇവ ഉപയോഗിക്കുന്നത് തടയണമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നടി ഐശ്വര്യ റായ് കോടതിയെ സമീപിച്ചത്.ഒട്ടേറെ വെബ്സൈറ്റുകള്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് തന്റെ പേര് അനുമതിയില്ലാതെ ഉപയോഗിക്കുന്നതായും നിര്‍മിതബുദ്ധി ഉപയോഗിച്ച് മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.ഡീപ്ഫേക്ക് സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുകയാണെന്നും അനുമതിയില്ലാതെ നടിയുടെ ചിത്രം പതിപ്പിച്ച ടി-ഷര്‍ട്ടുകളും കപ്പുകളും വിറ്റ് ചിലര്‍ പണമുണ്ടാക്കുന്നെന്നും ഐശ്വര്യയുടെ അഭിഭാഷകന്‍ സന്ദീപ് സേത്തി ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നടപടികള്‍ നിരാശാജനകമാണ്. പലതും നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും അഭിഭാഷകന്‍ വാദിച്ചു. ചില വെബ്‌സൈറ്റുകള്‍ പണപ്പിരിവിനായി പേര് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഇത്തരം സൈറ്റുകളുടെ ലിങ്കുകള്‍ നീക്കംചെയ്യണമെന്ന് ഗൂഗിളിന്റെ പ്രതിനിധിയോട് കോടതി നേരത്തെയും വാക്കാല്‍ നിര്‍ദേശിച്ചിരുന്നു.അതിനിടെ ഐശ്വര്യയുടെ ഭര്‍ത്താവും നടനുമായ അഭിഷേക് ബച്ചനും തന്റെ പ്രശസ്തിക്കും വ്യക്തിഗത അവകാശങ്ങള്‍ക്കും സംരക്ഷണം തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അശ്ലീല ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാജ വീഡിയോകള്‍, തന്റെ ചിത്രം, സാദൃശ്യം, വ്യക്തിത്വം എന്നിവ ഉപയോഗിക്കുന്നതില്‍ നിന്ന് വെബ്‌സൈറ്റുകളെയും പ്ലാറ്റ്ഫോമുകളെയും വിലക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ബച്ചന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളെ അനുമതിയില്ലാതെ ഫീച്ചര്‍ ചെയ്ത് ടീ-ഷര്‍ട്ടുകളും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുന്ന ബോളിവുഡ് ടീ ഷോപ്പ് പോലുള്ള വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.











