ന്യൂഡല്‍ഹി: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടക്കട്ടെയെന്ന് സുപ്രീംകോടതി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. നാളെത്തന്നെ കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജെ.കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വ്യാഴാഴ്ച ഹര്‍ജി സമർപ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ എന്തിനാണിത്ര തിടുക്കം കാണിക്കുന്നതെന്ന് ആരാഞ്ഞ കോടതി, അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമായ സന്ദേശമാണ് നല്‍കുന്നതെന്ന് അറിയിച്ചുകൊണ്ട്, ഉര്‍വശി ജെയിനിന്റെ നേതൃത്വത്തില്‍ നാല് നിയമ വിദ്യാഥികളാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. സെപ്റ്റംബര്‍ 14-ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍.നാളെ പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചതോടെ ഇനി ഈ ഹര്‍ജി നിലനില്‍ക്കാനുള്ള സാധ്യതയില്ല. നാളെകഴിഞ്ഞാല്‍ പിന്നീട് തിങ്കളാഴ്ചയേ സുപ്രീംകോടതി പ്രവര്‍ത്തിക്കുകയുള്ളൂ. ഞായറാഴ്ചയാണ് മത്സരം.