ഗാസ സിറ്റി പിടിക്കാനുള്ള പടനീക്കത്തിന്റെ ഭാഗമായി 40,000 റിസർവ് സൈനികർ കൂടി ഇറങ്ങി. ഇവർ ചൊവ്വാഴ്ച ഡ്യൂട്ടിക്കെത്തിയതായി ഇസ്രയേൽ ആർമി റേഡിയോ റിപ്പോർട്ട് ചെയ്തു. 20,000 റിസർവ് സൈനികർ കൂടി താമസിയാതെ എത്തും. ഗാസ സിറ്റിയിൽ ഹമാസ് ഇപ്പോൾ ശക്തമാണെന്നാരോപിച്ചാണ് ഗാസ സിറ്റിയിലേക്ക് വീണ്ടും വൻ പടനീക്കം. യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഹമാസ് ശക്തമായി ചെറുത്തുനിന്ന മേഖലയാണിത്. ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന ലഘുലേഖകൾ സൈന്യം വിമാനത്തിൽനിന്നു വിതറി. ഗാസയുടെ ഭൂരിഭാഗം പ്രദേശങ്ങളും നിലവിൽ ഇസ്രയേൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്
അതിനിടെ, ഗാസയിലെങ്ങും ഇസ്രയേൽ ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലും 24 മണിക്കൂറിനിടെ 86 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 63,633 പലസ്തീൻകാർ കൊല്ലപ്പെട്ടു. പട്ടിണിമൂലം 3 കുട്ടികളടക്കം 13 പേർ കൂടി മരിച്ചു. ആകെ പട്ടിണിമരണം 130 കുട്ടികളടക്കം 361. ഓഗസ്റ്റിൽ മാത്രം പട്ടിണിമൂലം 185 പലസ്തീൻകാർ മരിച്ചെന്നു ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു
അതേസമയം, ഗാസ സിറ്റി പിടിക്കാനുള്ള സൈനികനടപടി രാഷ്ട്രീയതാൽപര്യങ്ങളുടെ പേരിലാണെന്ന് ആരോപിച്ച് ടെൽ അവീവിൽ റിസർവ് സൈനികരുടെ പ്രകടനം നടന്നു. ഈ മാസം 9ന് ആരംഭിക്കുന്ന യുഎൻ പൊതുസഭയിൽ, പലസ്തീന് രാഷ്ട്രപദവി നൽകുന്നതിനെ പിന്തുണയ്ക്കുമെന്ന് ബൽജിയം പ്രഖ്യാപിച്ചു. സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രേറ്റ ട്യുൻബെർഗിന്റെ നേതൃത്വത്തിൽ ബാർസിലോന തുറമുഖത്തുനിന്നു ഗാസയിലേക്കുള്ള സഹായവുമായി 22 ബോട്ടുകൾ പുറപ്പെട്ടു. പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞദിവസം മുടങ്ങിയ ഗ്ലോബൽ ഫ്ളോറ്റില ദൗത്യത്തിൽ 44 രാജ്യങ്ങളിൽനിന്നുള്ള ആക്ടിവിസ്റ്റുകളുണ്ട്. ഇസ്രയേൽ ഉപരോധം ലംഘിച്ചു ഗാസയിൽ സഹായമെത്തിക്കുകയാണു ലക്ഷ്യം.