ശബരിമല തീർഥാടനത്തിനായി അയയ്ക്കുന്ന കെഎസ്ആർടിസി ബസുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത ഒരു ബസ് പോലും ഉണ്ടാകരുതെന്ന് ഹൈക്കോടതി.തീർഥാടകരെ നിർത്തിക്കൊണ്ട് പോകരുതെന്നും ഇത് ലംഘിച്ചാൽ കർശന നടപടിയെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമല തീർഥാടനകാലം നാളെ തുടങ്ങാനിരിക്കെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
ആയിരത്തോളം ബസുകളാണ് ശബരിമല തീർഥാടനത്തിനായി കെഎസ്ആർടിസി അയയ്ക്കുന്നത്. തീർഥാടകർക്കായി ഒരുക്കുന്ന ബസുകളുടെ കാര്യത്തിൽ ഹൈക്കോടതി നേരത്തെ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇത് കർശനമായി പാലിച്ചിരിക്കണമെന്ന് ഇന്ന് കോടതി നിർദേശിച്ചു. തീർഥാടകരെ നിർത്തിക്കൊണ്ട് പോകരുത്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസുകൾ പാടില്ല തുടങ്ങിയവ അടക്കമാണ് നിർദേശങ്ങൾ. ഇവ പാലിക്കുന്നുണ്ടെന്ന് ഗതാഗത കമ്മിഷണർ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. എന്തൊക്കെ ഒരുക്കങ്ങൾ പൂർത്തിയായെന്ന റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.