ഓണത്തിന് കശുവണ്ടി തൊഴിലാളികൾക്കും ആർപ്പു വിളിക്കാനുള്ള അവസരം നൽകി സർക്കാർ. ഇത്തവണത്തെ ഓണത്തിന് ആഘോഷവും സന്തോഷവും ഇരട്ടിയാക്കാൻ കോർപറേഷൻ – കാപ്പെക്സ് ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഇത്തവണ 11000 രൂപയാണ് ബോണസ് അഡ്വാൻസ് ആയി നൽകുന്നത്. തുറന്നു പ്രവർത്തിക്കുന്ന ഫാക്ടറികളിലുള്ളവരെ മാത്രമല്ല, അടഞ്ഞു കിടക്കുന്ന ഫാക്ടറികളിൽ തൊഴിലെടുത്തിരുന്നവരെ കൂടി പരിഗണിച്ചുകൊണ്ടാണ് ഇത്തവണത്തെ ഓണമെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികളിലെ തൊഴിലാളികൾക്ക് വർദ്ധനവുൾപ്പെടെ 2500 രൂപ വീതം നൽകാനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ആശ്വാസവും ആഘോഷവും ഒന്നുപോലെ നൽകിക്കൊണ്ട് കശുവണ്ടി മേഖലയിലും ഈ ഓണം ഗംഭീരമാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സർക്കാർ നടത്തിക്കഴിഞ്ഞു. തുറന്നു പ്രവർത്തിക്കുന്ന ഫാക്ടറികളിൽ തൊഴിലെടുക്കുന്നവരെ മാത്രമല്ല അടഞ്ഞു കിടക്കുന്ന ഫാക്ടറികളിൽ തൊഴിലെടുത്തിരുന്നവരെ കൂടി പരിഗണിച്ചുകൊണ്ടാണ് ഞങ്ങളീ ഓണക്കാലത്ത് തീരുമാനങ്ങൾ കൈക്കൊണ്ടത്.
കോർപറേഷൻ – കാപ്പെക്സ് ഫാക്ടറികളിലെ കശുവണ്ടി തൊഴിലാളികൾക്ക് ഇത്തവണ 11000 രൂപയാണ് ബോണസ് അഡ്വാൻസ് ആയി നൽകുന്നത്. കാഷ്യൂ കോർപ്പറേഷനിലെ 12,000 തൊഴിലാളികൾക്കും, കാപക്‌സിലെ 4000 തൊഴിലാളികൾക്കും ഉൾപ്പെടെ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി തൊഴിലെടുക്കുന്ന 40000 തൊഴിലാളികൾക്ക് ഈ ബോണസ് ലഭിക്കും.
അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികളിലെ തൊഴിലാളികൾക്ക് വർദ്ധനവുൾപ്പെടെ 2500 രൂപ വീതം നൽകാനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഈ തീരുമാനം 14000 തൊഴിലാളി കുടുംബങ്ങൾക്ക് ഓണം ആഘോഷമാക്കാനുള്ള അവസരമൊരുക്കും. എല്ലാവരും ഓണമാഘോഷിക്കുകയാണ്. സർക്കാർ ഒപ്പമുണ്ട്.