മലയിൻകീഴ്:പൊലീസിനെ കണ്ട് ഭയന്ന് കരമനയാറ്റിൽ ചാടിയ 3 യുവാക്കളിൽ ഒരാൾ മുങ്ങിമരിച്ചു. നാലാഞ്ചിറ പറക്കോട് ലൈൻ പിആർഎ 61എ ചോതിയിൽ മണികണ്ഠന്റെയും ശാലിനിയുടെയും മകൻ വിഷ്ണു മണികണ്ഠൻ (22) ആണ് മരിച്ചത്. നീന്തലറിയാത്ത വിഷ്ണു കുളിക്കുന്നതിനിടെ മുങ്ങിമരിച്ചെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസിലെ എഫ്ഐആറിൽ യുവാക്കൾ പൊലീസിനെ കണ്ടു പുഴയിൽ ചാടിയെന്നാണ് പരാമർശം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പേയാട് അരുവിപ്പുറം ആറ്റുകടവിലാണ് സംഭവം. സാമൂഹികവിരുദ്ധരുടെ ശല്യമുണ്ടെന്ന പരാതിയെ തുടർന്ന് വിളപ്പിൽശാല സ്റ്റേഷനിലെ സിപിഒമാരായ ജിജിൻ, വിഷ്ണു എന്നിവർ കടവിൽ പരിശോധനയ്ക്ക് എത്തി. ഇതേസമയം, സമീപത്തെ മുളങ്കാട്ടിൽ ഇരിക്കുകയായിരുന്ന വിഷ്ണു, അക്ഷയ്, അശ്വിൻ എന്നിവർ പേടിച്ച് പുഴയിലേക്ക് ചാടുകയായിരുന്നു എന്നാണു വിവരം.അക്ഷയ്, അശ്വിൻ എന്നിവരെ പൊലീസ് രക്ഷിച്ചെങ്കിലും വിഷ്ണുവിനെ കാണാതായി. വിവരമറിയിച്ചതിനെ തുടർന്ന് കാട്ടാക്കട അഗ്നിരക്ഷാസേനയും സ്കൂബ സംഘവും എത്തി തിരച്ചിൽ നടത്തി. രണ്ടരയോടെ വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുളിക്കുന്നതിനിടെ നീന്തൽ വശമില്ലാത്ത വിഷ്ണു മുങ്ങിമരിച്ചു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതേ സംഭവത്തിൽ, വിഷ്ണുവിന്റെ ഒപ്പമുണ്ടായിരുന്ന അക്ഷയിനെ7.05 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനു വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലെ പ്രാഥമിക റിപ്പോർട്ടിൽ, പൊലീസിനെ കണ്ട് വിഷ്ണുവും ഒപ്പമുണ്ടായിരുന്ന അക്ഷയും അശ്വിനും പുഴയിൽ ചാടിയെന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പരുത്തിപ്പാറ കെഎസ്ഇബിയിലെ താൽക്കാലിക ജീവനക്കാരനാണ്. സഹോദരി : ആദിത്യ മണികണ്ഠൻ.











