എരമംഗലം:ദേശീയപാത 66 ൻ്റെ വികസനവുമായി ബന്ധപ്പെട്ട് പഴയകടവ് ,താവളകുളം എന്നീ ഭാഗത്തുള്ള യാത്ര ക്ലേശം പരിഹരിക്കുന്നതിനായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചെയർമാൻ ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മിറ്റി അംഗങ്ങളുടെ നോമിനി കളായി ഡപ്യൂട്ടി തഹസിൽദാർ കെ.എം.ജയശീ ,മോട്ടോർ വാഹനവകുപ്പ് ഇൻസ്പെക്ടർ മുഹമ്മദ് അശറഫ് സൂർപ്പിൽ ,പെരുമ്പടപ്പ് പോലീസ് സബ് ഇൻസ്പെക്ടർ വി. ശ്രീകാന്ത് , പി ഡബ്ല്യു ഡി ഓവർസിയർമാരായ മുഹമ്മദ് റിയാസ് , പി. ഷീമ തുടങ്ങിയവർ പങ്കെടുത്തു . യോഗ ശേഷം കമ്മിറ്റി അംഗങ്ങൾ പ്രസ്തുത സ്ഥലം സന്ദർശിക്കുകയും ചെയ്തു.ദേശീയ പാത 66 ൽ പഴയകടവ് താവളകുളം ഭാഗത്ത് റോഡിന്ന് കിഴക്ക് വശത്ത് മെയിൻ റോഡിൽ നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനുള്ള എക്സിറ്റ് അനുവദിക്കണമെന്നുള്ള പ്രദേശവാസികളുടെ ആവശ്യം യോഗം വിശദമായി ചർച്ച ചെയ്തു.എക്സിറ്റ് ഇല്ലാത്തത് മൂലം പഴയകടവ് താവളകുളം മുതൽ എസ്. ഐ.പടി വരെയുള്ള ഭാഗത്ത് ബസ്സ്കൾക്ക് പ്രവേശിക്കാൻ കഴിയുന്നില്ല.ഇത് മൂലം കാലങ്ങളായി നിലവിലുണ്ടായിരുന്നതും ആയിരക്കണക്കിന്ന് കുടുംബങ്ങൾ ആശ്രയിച്ചിരുന്നതുമായ പഴയകടവ് ,തവളക്കുളം എന്നീ ബസ്സ് സ്റ്റോപ്പുകൾ ഉപയോഗശൂന്യമായിരിക്കുകയാണ്.പൊന്നാനിയിൽ നിന്നും വെളിയങ്കോട് ഭാഗത്തേക്ക് യത്ര ചെയ്യേണ്ടിവരുന്ന വിദ്യാർത്ഥികൾ,സാധാരണക്കാർ എന്നിവരുടെ യാത്രാ ദുരിതം ഇത് മൂലം ഇരട്ടിച്ചതായി യോഗം വിലയിരുത്തി.ദേശീയ പാത 66-ൽ പഴയകടവ് ഭാഗത്ത് നിന്ന് ഇടത് ഭാഗത്ത് കൂടെ എക്സിറ്റ് യാഥാർത്ഥ്യമാകുന്നതിന് ജില്ലാ കളക്ടർ ,ബന്ധപ്പെട്ട അധികാരികൾ എന്നിവരെ കാണുന്നതിനും യോഗം തീരുമാനിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് , കെ എൻ ആർ സി സി പ്രതിനിധി വീര റെഡ്ഢി , വാർഡ് മെമ്പർ സുമിത രതീഷ് , പൗര സമിതി പ്രതിനിധികളായ വി.കെ. ബേബി , ടി. എ. മൻസൂർ തുടങ്ങിയവും ചർച്ചയിൽ പങ്കെടുത്തു.അയ്യോട്ട്ചിറ ,വെളിയങ്കോട് അങ്ങാടികളിലെ വഹിക്കിൾ അണ്ടർ പാസിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും കച്ചവടം ചെയ്യുന്നതിനും അനുവദിക്കില്ലന്നും എരമംഗലം ,വെളിയങ്കോട് അങ്ങാടികളിൽ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ റോഡിൻ്റെ ഇരു ഭാഗത്തും വഴിയോര കച്ചവടവും മത്സ്യ വില്പനയും അനുവദിക്കില്ലന്നും യോഗം തീരുമാനിച്ചു.പ്രസ്തുത നിയമം ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു .