ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ന്യൂഡല്‍ഹിയില്‍ ജാഗ്രത നിര്‍ദേശം നല്‍കി സുരക്ഷ ഏജന്‍സികള്‍. ഭീകരാക്രമണത്തിനുള്ള സാധ്യത വ്യക്തമാക്കിക്കൊണ്ട് ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് ജാഗ്രതാ നിര്‍ദേശം. പഹല്‍ഗാം ആക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷമായതിനാല്‍ ശക്തമായ മുന്‍കരുതല്‍ വേണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മുന്നേ നിശ്ചയിച്ച വേദിയും വലിയ ആള്‍ക്കൂട്ടത്തിന്റെ സാന്നിധ്യവും സ്വാതന്ത്ര്യദിനത്തില്‍ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രധാനാകര്‍ഷണം ഓപ്പറേഷന്‍ സിന്ദൂറാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുകയാണ്.പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍, ആഗോള ജിഹാദി ശൃംഖലകള്‍, തീവ്ര ഇസ്ലാമിക വിഭാഗങ്ങള്‍, സിഖ് തീവ്രവാദ ഗ്രൂപ്പുകള്‍ തുടങ്ങിയവയില്‍ നിന്ന് ഭീഷണിയുള്ളതായി ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. ന്യൂഡല്‍ഹിയിലെ ഉയര്‍ന്ന ജനസംഖ്യയും അനധികൃത കോളനികളുടെ സാന്നിധ്യവും ആക്രമണം നടത്താനെത്തുന്നവര്‍ക്ക് സുരക്ഷിത താവളമായി മാറാമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.വ്യക്തികളെ കര്‍ശനമായി പരിശോധിക്കണം, യൂണിഫോമില്ലാത്ത ആരെയും നിയന്ത്രണമുള്ള പ്രദേശങ്ങളിലേക്ക് കടത്തിവിടരുത് തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. കൂടാതെ ഏകോപിത തീവ്രവാദ ആക്രമണങ്ങള്‍ മുതല്‍ ചാവേറാക്രമണത്തിന് വരെ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.സുരക്ഷാ പ്രത്യാഘാതങ്ങള്‍ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ വ്യക്തികളുമായി വിവരങ്ങള്‍ പങ്കിടരുതെന്നും സംശയാസ്പദമായ ചോദ്യങ്ങള്‍ ചോദിക്കുന്നവരെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും എല്ലാ കണ്‍ട്രോള്‍ റൂം ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.