2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കും. ഗംഭീര പ്രകടനങ്ങളുമായി നിരവധി താരങ്ങളാണ് അവസാന ലാപ്പിൽ മത്സരത്തിലുള്ളത്. ഭ്രമയുഗത്തിലെ ചാത്തനായ മമ്മൂട്ടിയും തലവൻ, അഡിയോസ് അമീഗോ, ലെവൽ ക്രോസ്, കിഷ്‌കിന്ധാ കാണ്ഡം എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെ ആസിഫ് അലിയും കിഷ്‌കിന്ധാ കാണ്ഡത്തിലെ പ്രകടനത്തിലൂടെ വിജയരാഘവനും മികച്ച നടനുള്ള മത്സരത്തിൽ മാറ്റുരക്കുന്നുണ്ട്.
2022 ലെ മികച്ച നടനുള്ള അവാർഡ് നൻപകൽ നേരത്തിലെ അഭിനയത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. 2023ലെ അവസാന ലാപ്പിൽ കാതലിലെ പ്രകടനത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. ആടുജീവിതത്തിലെ നജീബിനായിരുന്നു ആ വർഷം വിജയം.മികച്ച നടിക്കുള്ള പുരസ്കാരത്തിന് സൂക്ഷ്മദർശിനിയിലെ പ്രകടനത്തിന് നസ്രിയ നസീമും തീയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റിയിലെ പ്രകടനത്തിന് റിമയുമാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ വർഷം ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവശിയായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്. എന്തായാലും ജേതാക്കളെ കാത്തിരുന്ന് അറിയാം.