പത്തനംതിട്ട: കുട്ടികള്‍ നേരിടുന്ന അതിക്രമം തടയാന്‍ ഒരു സമഗ്ര കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ച് പൊറുപ്പിക്കില്ലെന്നും കുട്ടിക്കുള്ള സംരക്ഷണം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ ചാരുംമൂടില്‍ പിതാവും രണ്ടാനമ്മയും ഉപദ്രവിച്ച കുഞ്ഞിനെ കണ്ടതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പിതാവും രണ്ടാനമ്മയും ഉപദ്രവിച്ച കുട്ടി കുറെ കാര്യങ്ങള്‍ പറഞ്ഞെന്നും ഒരുപാട് പ്രയാസങ്ങള്‍ കുട്ടി വിവരിച്ചെന്നും ശിവന്‍കുട്ടി പറഞ്ഞു. ‘വല്ലാത്ത വിഷമം തോന്നുന്ന ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. പോകാന്‍ കുട്ടി അനുവദിച്ചില്ല. കുട്ടി എന്റെ കയ്യില്‍ കയറി പിടിച്ചു. ഐഎഎസ്‌കാരി ആകാനാണ് ആഗ്രഹമെന്ന് കുട്ടി പറഞ്ഞു. പല സംഭവങ്ങളും പുറംലോകം അറിയുന്നില്ല. സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തും’, അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ മേല്‍വിലാസം ശേഖരിക്കുമെന്നും സ്‌കൂളില്‍ പ്രത്യേക ശ്രദ്ധ കുട്ടികള്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വ്യക്തിപരമായ പ്രശ്‌നമല്ല. നാട്ടിലെ ജനങ്ങളുടെ പ്രശ്‌നമാണ്. മറ്റ് രാജ്യങ്ങളില്‍ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാറുണ്ടെന്ന് മന്ത്രി പറഞ്ഞു.
‘എങ്ങനെ മാതാപിതാക്കള്‍ ഇങ്ങനെ ക്രൂരത കാണിക്കുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സുരക്ഷാകര്‍മ്മ പദ്ധതി ആവിഷ്‌കരിക്കും. ക്രൂരത കാണിക്കുന്ന മാതാപിതാക്കള്‍ക്ക് തോന്നണം തങ്ങള്‍ക്ക് സമൂഹത്തില്‍ ഇറങ്ങാന്‍ കഴിയില്ല എന്ന്. പലപ്പോഴും കുട്ടികള്‍ക്ക് പരാതിപ്പെടാന്‍ ഭയമാണ്ഭ. യപ്പാടോടെയാണ് പല കുട്ടികളും കാര്യം പറയുന്നത്’, മന്ത്രി പറഞ്ഞു.
ഹെല്‍പ്പ് ബോക്‌സ് സ്‌കൂളില്‍ വയ്ക്കും. ഹെല്‍പ്പ് ബോക്‌സിന്റെ താക്കോല്‍ കുട്ടികളുടെ കൈവശം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ അടിസ്ഥാനത്തില്‍ കൗണ്‍സിലേര്‍സിന്റെ യോഗം വിളിക്കും. കുട്ടികളെ കൗണ്‍സില്‍ ചെയ്യുമ്പോഴുള്ള അനുഭവം അവര്‍ വ്യക്തമാക്കും. വിദ്യാഭ്യാസ വകുപ്പിലെ കൗണ്‍സിലേര്‍സിന്റെ യോഗം ആദ്യം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികള്‍ പരാതി പറഞ്ഞാല്‍ ചില അധ്യാപകര്‍ മറ്റാരെയും അറിയിക്കാറില്ല. അങ്ങനെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കുട്ടിയുടെ സംരക്ഷണത്തിനാണ് പ്രാധാന്യമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന്റെ റെപ്യൂട്ടേഷന്‍ പ്രശ്‌നമേ അല്ലെന്നും അദ്ദേഹം പറഞ്ഞു.