മലപ്പുറം: മെസ്സിയുടെയും അർജന്റീന ടീമിന്റേയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്നും സ്പോൺസർ പണം അടച്ചിട്ടുണ്ടെന്നും വി അബ്ദുറഹ്മാൻ പറഞ്ഞു. ഈ വർഷം അർജന്റീന ടീം കേരളത്തിൽ കളിച്ചില്ലെങ്കിൽ പിന്നീട് കേരളത്തിന് താൽപര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ലിയാൻഡ്രൊയുടേത് എന്ന പേരിൽ പുറത്തുവന്ന ചാറ്റുകളും മന്ത്രി തള്ളി. ലിയാൻഡ്രോ മാർക്കറ്റിങ് ഹെഡ്ഡാണ്. എന്നാൽ കരാർ ഒപ്പിട്ടത് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റുമായാണ്. തന്റെ പക്കലുള്ള ലിയാൻഡ്രൊയുടെ പ്രൊഫൈൽ അല്ല ഇപ്പോൾ പുറത്തുവന്ന ചാറ്റിൽ ഉള്ളത്. ഇനിയും തീരുമാനമെടുക്കാനാകാത്ത ഒരു കാര്യത്തിൽ ലിയാൻഡ്രൊ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് കരാർ ലംഘനമെന്നും മന്ത്രി പറഞ്ഞു. നൽകേണ്ട പണം എല്ലാം നൽകിയതിന് ശേഷമാണ് അർജന്റീന വരില്ല എന്ന് പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ കൊണ്ടുവന്ന സ്പോർട്സ് പോളിസിയുടെ ഭാഗമായാണ് അർജന്റീനയെ കേരളത്തിലെത്തിക്കുന്നത്. സ്‌പെയിനിൽ പോയത് താൻ ഒറ്റയ്ക്കല്ല, സ്പോർട്സ് അതോറിറ്റിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. മാധ്യമങ്ങൾ അനാവശ്യ വാർത്തകൾ സൃഷ്ടിക്കുന്നത് ശരിയാണോ എന്ന് ആലോചിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മെസ്സിയെയും ടീമിനെയും കൊണ്ടുവരാൻ നടത്തുന്നത് ചെറിയ ശ്രമമല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. സ്‌പോൺസർമാർ കൃത്യമായി പണം നൽകി. മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.
മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങള്‍ ഓരോവട്ടം പ്രചരിപ്പിക്കുമ്പോഴും സര്‍ക്കാരും കായികവകുപ്പും സ്‌പോണ്‍സറും പറയുന്നതാണ് ശരിയെന്ന് പുറത്ത് വന്നിട്ടുണ്ട്. അതെ പോലെ ഇപ്പോഴത്തെ വിവാദത്തിലും സത്യാവസ്ഥ ശരിയായ സമയത്ത് പുറത്ത് വരുമെന്നും മന്ത്രി വ്യക്തമാക്കി. ‘ഒരു കരാര്‍ ഒപ്പിട്ട് പണം വാങ്ങുമ്പോള്‍ മെസി അടക്കമുള്ളവര്‍ വരുമെന്ന് ഒരു രാജ്യം, ലോക ചാമ്പ്യന്മാരായ ഒരു ടീം പറയുമ്പോള്‍ നമ്മള്‍ എന്താണ് പറയേണ്ടത്. അവര്‍ വരൂംട്ടോ. ഇപ്പളും അത് തന്നെയാണ് അവര്‍ വരൂംട്ടോ. നിങ്ങള്‍ സമയത്തിന് വന്നില്ലെങ്കില്‍ വരണ്ടാട്ടോ എന്നും മന്ത്രി പ്രതികരിച്ചു. വിഷയത്തില്‍ വ്യക്തത വരുത്തിയതിന് ശേഷവും മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോഴായിരുന്നു മാധ്യമങ്ങളുടെ പരിഹാസ ചോദ്യത്തിന് മന്ത്രി അതേനാണയത്തിൽ മറുപടി നൽകിയത്.