കൊച്ചി: നടൻ വിനായകനെതിരെ വിമർശനവുമായി എറണാകുളം ഡിസിസി പ്രസിഡന്റ്. നടൻ വിനായകൻ പൊതു ശല്യമാണെന്നും എല്ലാ കലാകാരന്മാർക്കും അപമാനമായി മാറിയിരിക്കുകയാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ നാശെ നടക്കുന്ന വാക്കത്തോൺ സംബന്ധിച്ച കാര്യങ്ങൾക്കായി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.’നടൻ വിനായകൻ പൊതുശല്യമാണ്. കേരളത്തിലെ ഒരു കലാകാരനാണെന്നതാണ് നമ്മൾ അദ്ദേഹത്തിന് കൊടുത്ത മാന്യതയും അംഗീകാരവും. പക്ഷെ, എല്ലാ കലാകാരന്മാർക്കും ഒരു അപമാനമായി വിനായകൻ മാറുകയാണ്. രാഷ്ട്രീയക്കാർക്കോ, മറ്റുള്ളവർക്കോ മാത്രമല്ല. ഇന്ന് പൊതു ഇടത്തിലെ എല്ലാവർക്കും എതിരെ അയാൾ തിരിയുകയാണ്.’- ഡിസിസി പ്രസിഡന്റ് പറഞ്ഞു.ഒന്നുകിൽ സർക്കാർ അയാളെ പിടിച്ചുകെട്ടി കൊണ്ടു പോയി ചികിത്സിക്കണം. മാനസിക വിഭ്രാന്തി നേരിടുന്നവർക്ക് സർക്കാർ നൽകുന്ന ചികിത്സ വിനായകനും നൽകണം. നാടിന്റെ സംസ്കാരത്തിന് ചേരാത്ത കലാകാരനാണ് വിനായകൻ. സിനിമാ മേഖലയിൽ ലഹരി വില്പനയും ഉപയോഗവും നടക്കുന്നുണ്ട്. അത് സർക്കാർ ഗൗരവതരമായി എടുക്കണം. എല്ലാത്തിനും പിന്നിൽ ലഹരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാളെ ലഹരി വ്യാപനത്തിനെതിരെ വാക്കത്തോൺ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷൻ, കെസി വേണുഗോപാൽ എംപി, ദീപദാസ് മുൻഷി എന്നിവർ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.