തിരുവനന്തപുരം: നടൻ കുഞ്ചാക്കോ ബോബനെ സ്കൂൾ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്കൊപ്പം ഒന്നിച്ച് ഭക്ഷണം കഴിക്കാമെന്നും നടന് സ്കൂൾ ഉച്ച ഭക്ഷണത്തിന്റെ മെനുവും രുചിയും അറിയാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മികച്ച ഭക്ഷണം ജയിലിലല്ല സ്കൂൾ കുട്ടികൾക്കാണ് നൽകേണ്ടതെന്ന് തൃക്കാക്കര മണ്ഡലത്തിലെ സ്‌കൂൾ കുട്ടികൾക്കായി ഉമാ തോമസ് എംഎൽഎ തുടങ്ങിയ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് നടൻ പറഞ്ഞിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് മന്ത്രി കുഞ്ചാക്കോ ബോബനെ ഉച്ചഭക്ഷണത്തിനായി സർക്കാർ സ്കൂളിലേക്ക് ക്ഷണിച്ചത്.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
“മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്’- കുഞ്ചാക്കോ ബോബൻ”
ഈ രൂപത്തിലുള്ള ഗ്രാഫിക്സ് കാർഡുകൾ ആണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്താണ് ചാക്കോച്ചൻ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകൾ ഞാൻ കേട്ടു. ചാക്കോച്ചൻ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്.
എന്തായാലും ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും.
കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം.
‘നമുക്കറിയാം ജയിലുകളിലാണ് ഇപ്പോൾ കുറച്ചുകൂടി നല്ല ഭക്ഷണം കിട്ടുന്നത്. അതിൽ മാറ്റം വരണം. കുറ്റവാളികളെ വളർത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് ഏത് സര്‍ക്കാരും ശ്രമിക്കേണ്ടത്’, എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ വാക്കുകൾ.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓഗസ്റ്റ് ഒന്നുമുതൽ പരിഷ്‌കരിച്ച മെനു അനുസരിച്ചാണ് ഉച്ചഭക്ഷണം നൽകുന്നത്. കുട്ടികളിൽ വിളർച്ചയും പോഷകാഹാരക്കുറവും കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ വിഭവങ്ങളുൾപ്പെടുത്തി മെനു പരിഷ്‌കരിച്ചത്. ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിലേതെങ്കിലുമുണ്ടാകും. ഇതിനൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവയുടെ ചമ്മന്തിയും വേണം. മറ്റുള്ള ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുള്ള വിഭവവുമുണ്ടാകും. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രി നടനെ ഉച്ചഭക്ഷണത്തിനായി സ്കൂളിലേക്ക് ക്ഷണിച്ചിരിക്കുന്നത്.