ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവുമായ ഷിബു സോറൻ അന്തരിച്ചു. 81 വയസായിരുന്നു. നിലവിൽ രാജ്യസഭാ എംപിയാണ്. ഒരുമാസമായി ഡൽഹി ശ്രീ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ജൂൺ അവസാനത്തോടെയാണ് ഷിബു സോറനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷിബു സോറന്റെ മകനും നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനാണ് മരണവിവരം അറിയിച്ചത്.ദിഷൂം ഗുരു (മികച്ച നേതാവ്) എന്നറിയപ്പെടുന്ന ഷിബു സോറൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖരിൽ ഒരാളായിരുന്നു. മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായി. കേന്ദ്രമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടു. ശക്തനായ ഗോത്രനേതാക്കളിലൊരാളായ ഷിബു സോറൻ നാല് ദശാബ്ദത്തോളം പാർട്ടിയെ നയിച്ചു. 1987ൽ പാർട്ടിയുടെ നേതൃസ്ഥാനത്തെത്തിയ അദ്ദേഹം 2024 ഏപ്രിൽവരെ അദ്ധ്യക്ഷ സ്ഥാനത്തുതുടർന്നു. ആറുതവണ ലോക്‌സഭാ എംപിയായി. മൂന്ന് തവണ രാജ്യസഭയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.