ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ പൊലീസിനും സർക്കാറിനുമെതിരെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍. പരാതിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ പൊലീസ് പറയുകയാണെന്ന് സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ബലാത്സംഗ കേസിൽ തനിക്ക് ജാമ്യം ലഭിച്ചാൽ ഇരക്ക് നീതി ലഭിക്കില്ലെന്ന വാദം നിലനിൽക്കില്ലന്ന് നടൻ സത്യവാങ്മൂലത്തില്‍ പറഞ്ഞു. ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണ്. താന്‍ മലയാള സിനിമയിലെ ശക്തനായ വ്യക്തിയല്ല. പ്രധാന കഥാപാത്രമായി ചുരുക്കം സിനിമകളിലാണ് അഭിനയിച്ചതെന്നും ചെയ്തതിൽ അധികവും സഹ വേഷങ്ങളാണെന്നും സിദ്ദിഖ് പറയുന്നു.ഡബ്ല്യു.സി.സി അംഗമായിട്ടും ഹേമ കമ്മിറ്റിക്ക് മുന്നിൽ പരാതിക്കാരി ഈ വിഷയം ഉന്നയിച്ചിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എട്ടര വര്‍ഷത്തെ കാലതാമസമുണ്ടായതില്‍ പൊലീസിന്റെ വാദം നിലനില്‍ക്കില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും പൊലീസ് ഇല്ലാക്കഥകള്‍ മെനയുന്നെന്നും സിദ്ദിഖ് ആരോപിക്കുന്നു. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന യുവനടിയുടെ പരാതിയിലാണ് കേസ്. പരാതിയിൽ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ വകുപ്പുകൾ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പരാതിക്കാരിയെ തിരുവനന്തപുരത്തുവച്ച് കണ്ടിരുന്നതായി സിദ്ദീഖ് നേരത്തേ സമ്മതിച്ചിട്ടുണ്ട്. സംഭവം നടന്ന 2016 ജനുവരി 28ന് 101 ഡി മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘവും സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിന്‍റെ മൊഴിയും രേഖപ്പെടുത്തി.