പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങിനായാണ് കലാഭവന്‍ നവാസ് ചോറ്റാനിക്കരയിലെത്തിയത്. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിലായിരുന്നു കലാഭവന്‍ നവാസ് അഭിനയിച്ചുകൊണ്ടിരുന്നത്. ഷെഡ്യൂള്‍ പൂര്‍ത്തിയായതിനാല്‍ റൂം ചെക്ക്ഔട്ട് ചെയ്യാനിരിക്കെയാണ് മരണം കവര്‍ന്നത്.ഷൂട്ടിങിന്‍റെ ഭാഗമായി കഴിഞ്ഞ കുറച്ചുദിവസമായി ഇവിടെയായിരുന്നു താമസം.
ഷൂട്ടിങ് കഴിഞ്ഞെത്തിയ നവാസ് മുറിയില്‍ പോയി വന്ന ശേഷം ചെക്ക് ഔട്ട് ചെയ്യാമെന്ന് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്. ഒന്ന്– രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്ന ഹോട്ടല്‍ ജീവനക്കാരനാണ് നവാസിനെ മുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടത്. അബോധാവസ്ഥയിലായ നവാസിനെ ഉടനെ ഹോട്ടല്‍ ജീവനക്കാര്‍ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുറിയില്‍ നിന്നും അസ്വഭാവികമായൊന്നും കണ്ടെത്തിനായിട്ടില്ല. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണതാകാം എന്നാണ് സംശയിക്കുന്നത്.
ഷൂട്ടിങ് സൈറ്റില്‍ നിന്നുള്ള കഴിഞ്ഞ ദിവസം നവാസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. പുതിയ ഗെറ്റപ്പിലുള്ളതാണ് ചിത്രം.
പ്രശസ്ത നാടക, ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായി തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് നവാസ് ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്തെത്തി. കലാഭവനിൽ ചേർന്നതോടെയാണ് പ്രശസ്തിയിലേക്കുയർന്നത്. സഹോദരൻ നിയാസ് ബക്കറിനൊപ്പം കൊച്ചിൻ ആർട്സ് എന്ന മിമിക്രി ട്രൂപ്പ് രൂപീകരിച്ച് പരിപാടികൾ അവതരിപ്പിച്ചിരുന്നു.