ചെന്നൈ: പാര്‍ട്ടി അംഗത്വ നടപടികള്‍ വേഗത്തിലാക്കാന്‍ തമിഴക വെട്രിക്കഴകം(ടിവികെ) നേതാവും നടനുമായ വിജയ് മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ‘മൈ ടിവികെ’ എന്നാണ് ആപ്പിന് പേരുനല്‍കിയത്. ബുധനാഴ്ച മഹാബലിപുരത്തിനടുത്തുളള പണയൂരില്‍നടന്ന ചടങ്ങില്‍ വെച്ചായിരുന്നു ആപ്പ് പുറത്തിറക്കിയത്. രണ്ടു കോടി അംഗങ്ങളെ ചേര്‍ക്കുകയാണ് ടിവികെയുടെ ലക്ഷ്യം. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും അംഗങ്ങളായി ചേര്‍ക്കുന്നതിനും താഴെത്തട്ടില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ വിജയ് പറഞ്ഞു. ഡിഎംകെയുടെയും അണ്ണാ ഡിഎംകെയുടെയും 1967- ലെയും 1977-ലെയും തിരഞ്ഞെടുപ്പു വിജയങ്ങള്‍ക്ക് സമാനമായരീതിയില്‍ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയചരിത്രത്തില്‍ വഴിത്തിരിവായി മാറുമെന്നും വിജയ് പ്രതീക്ഷ പ്രകടിപ്പിച്ചു.വിജയത്തിലേക്കുള്ള ഫോര്‍മുല ലളിതമാണ്. ‘ആളുകളിലേക്ക് എത്തിച്ചേരുക, അവരില്‍നിന്ന് പഠിക്കുക, അവര്‍ക്കിടയില്‍ ജീവിക്കുക, അവരോടൊപ്പം ആസൂത്രണം ചെയ്യുക. ഇത് ശരിയായിചെയ്താല്‍ നമ്മള്‍ വിജയിക്കും’ – 1967-ല്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച ഡിഎംകെ സ്ഥാപകനും അന്തരിച്ച മുഖ്യമന്ത്രിയുമായ അണ്ണാദുരൈയെ ഉദ്ധരിച്ച് വിജയ് വ്യക്തമാക്കി. വെട്രി പേരണിയില്‍ തമിഴ്‌നാട് എന്ന പേരില്‍ പാര്‍ട്ടി ആരംഭിച്ച വീടുതോറുമുള്ള പ്രചാരണം ഉള്‍പ്പെടെ വലിയ പൊതുജന സമ്പര്‍ക്ക സംരംഭങ്ങള്‍ ആരംഭിച്ചുകൊണ്ട് ടിവികെ വിജയത്തിലേക്കു കുതിക്കുമെന്നും വിജയ് വ്യക്തമാക്കി.ഓഗസ്റ്റ് 25-ന് മധുരയില്‍ ടിവികെ സംസ്ഥാന സമ്മേളനം സംഘടിപ്പിക്കും. ജനങ്ങള്‍ തങ്ങളോടൊപ്പമുണ്ടെന്നും അതിനാല്‍ മറ്റൊന്നും ആവശ്യമില്ലെന്നും വൈകാതെ നല്ല കാര്യങ്ങള്‍ ഇവിടെ സംഭവിക്കുമെന്നും വിജയ് പറഞ്ഞു. 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും അംഗത്വ വിപുലീകരണത്തിനുമുള്ള രണ്ടാംഘട്ടത്തിന്റെ തുടക്കമാണ് ബുധനാഴ്ച നടന്ന ചടങ്ങ്.