ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനം തൊഴില്‍ മേഖലയില്‍ കരുതിയതിനേക്കാള്‍ വേഗത്തില്‍ പിടിമുറുക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മനുഷ്യ സഹായമില്ലാതെ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആശ്രയിക്കാനുള്ള ആത്മവിശ്വാസം തൊഴിലുടമകള്‍ക്ക് ലഭിച്ചു കഴിഞ്ഞു. ഇത് ലോകമെമ്ബാടുമുള്ള തൊഴിലാളികള്‍ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കയറ്റുമതിക്കാരായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ നിന്ന് 12000 ത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ രണ്ട് ശതമാനത്തോളം വരുമിത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പിരിച്ചുവിടല്‍ നടപ്പാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. മറ്റ് കമ്പനികളിലെ ജോലി ഉപേക്ഷിച്ച് ടിസിഎസില്‍ ചേര്‍ന്ന നിരവധി പ്രൊഫഷണലുകള്‍ക്ക് കനത്ത ആഘാതമായിരിക്കുകയാണ് കമ്പനിയുടെ പ്രഖ്യാപനം. മിഡില്‍, സീനിയര്‍ മാനേജ്‌മെന്റ് ലെവലിലുള്ള ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിടല്‍ കൂടുതലും ബാധിക്കുക. നടപ്പ് സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിന്റെ അവസാനത്തില്‍ 613,069 ജീവനക്കാരാണ് കമ്പനിക്കുളത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ പിരിച്ചുവിടല്‍ പ്രഖ്യാപനം കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലും അടക്കമുള്ള ഐടി ജീവനക്കാര്‍ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി ഐടി പ്രൊഫഷണലുകള്‍ക്ക് ടിസിഎസ് കഴിഞ്ഞ മാസങ്ങളില്‍ ഓഫര്‍ ലെറ്ററുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കമ്പനിയിൽ ചേരേണ്ട തീയതികള്‍ ഒരു കാരണവും വ്യക്തമാക്കാതെ നീട്ടിവയ്ക്കുകയാണ്. നിലവിലുള്ള ജോലികള്‍ ഉപേക്ഷിച്ച പലരും എന്ന് ജോയിന്‍ ചെയ്യാന്‍ കഴിയും എന്നറിയാതെ കടുത്ത ആശങ്കയിലാണ്. കേരളത്തിലെ ഐടി ജീവനക്കാരുടെ വെല്‍ഫെയര്‍ ഫോറമായ പ്രതിധ്വനി ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടതായും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയ്ക്കും ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവിനുമാണ് നിവേദനം അയച്ചത്. ‘ഭാവിക്ക് അനുയോജ്യമായ രീതിയില്‍ ടിസിഎസിനെ മാറ്റിയെടുക്കാനുള്ള യാത്രയിലാണ് ഞങ്ങളെന്ന് പിരിച്ചുവിടലിനെക്കുറിച്ച് ഐടി കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പുനര്‍നിയമനം സാധ്യമല്ലാത്ത തസ്തികകളില്‍ നിന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇത് കമ്ബനിയുടെ ആഗോള തൊഴിലാളികളില്‍ രണ്ട് ശതമാനത്തോളം പേരെ ബാധിക്കും’ – കമ്പനി കൂട്ടിച്ചേര്‍ത്തു. പിരിച്ചുവിടല്‍ നേരിടുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളിലൂടെയും കൗണ്‍സിലിങ്ങിലൂടെയും പിന്തുണ വാഗ്ദാനം ചെയ്യുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. നോട്ടീസ് കാലയളവില്‍ എല്ലാ പേയ്മെന്റുകളും അധിക പിരിച്ചുവിടല്‍ പാക്കേജും ലഭിക്കും. ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നീട്ടാനും ജീവനക്കാര്‍ക്ക് ഔട്ട്പ്ലേസ്മെന്റ് അവസരങ്ങള്‍ നല്‍കാനും ശ്രമിക്കുമെന്നും ടിസിഎസ് അറിയിച്ചിട്ടുണ്ട്.