സാമൂഹികമാധ്യമത്തിലൂടെ സൗഹൃദം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽനിന്ന് സ്വർണാഭരണങ്ങൾ കൈക്കലാക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തമലം സ്വദേശി സന്ദീപ് (20), ആറാലുംമൂട് സ്വദേശി നിരഞ്ജൻ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂജപ്പുര സ്വദേശിനിയായ സ്കൂൾവിദ്യാർഥിനിയിൽനിന്ന് പലപ്പോഴായി പന്ത്രണ്ടു പവൻ സ്വർണം തട്ടിയെടുക്കുകയായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ എറണാകുളത്തുനിന്ന് കണ്ടെത്തി. സ്ഥലം കാണാനായാണ് വീട് വിട്ടിറങ്ങിയതെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾക്ക് സ്വർണം നൽകിയ വിവരം പോലീസിന് ലഭിച്ചത്. സ്വർണംവിറ്റ് പ്രതികൾ ബൈക്ക്, ടെലിവിഷൻ എന്നിവ വാങ്ങിയിരുന്നു. അടുത്ത ദിവസം പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കും.